Pages

Saturday, September 25, 2010

ഇറോം ശര്‍മ്മിള മരിച്ചാല്‍ ആര്‍ക്ക് ചേതം?


ഞങ്ങള്‍ ജനപക്ഷത്ത് നില്‍ക്കും സാമൂഹ്യസേവനമാണ് ഞങ്ങളുടെ മുഖ്യ അജണ്ട എന്നിങ്ങനെ ഉദ്ഘോഷിക്കുന്ന എത്ര മാദ്ധ്യമങ്ങള്‍ ഇറോ ശര്‍മിളയെന്ന ഒറ്റയാള്‍ പോരാളിയെ ഗൌനിച്ചു. ഉപരിപ്ളവമായി കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനും ആരാന്റെ കുളിമുറിയില്‍ എത്തിനോക്കാനുമെടുക്കുന്നതിന്റെ ഒരംശം ശ്രദ്ധയെങ്കിലും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ഷര്‍മ്മിളയ്ക്ക് നല്‍കിയോ.
അഫ്സ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം പരിഗണിക്കേണ്ട പേരുകളിലൊന്നാണ് ഇറോം ശര്‍മ്മിളയെന്ന ധീരവനിതയുടെത്. മണിപ്പൂരിന്റെ ഉരുക്ക് വനിതയെന്ന് അറിയപ്പെടുന്ന ശര്‍മ്മിള ഒരു പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. മണിപ്പൂരിലും മറ്റ് സംസ്ഥാനങ്ങളിലും അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ 4 മുതല്‍ ശര്‍മ്മിള നിരാഹാരമനുഷ്ഠിക്കുകയാണ്. ഇംഫാല്‍ താഴ്വരയിലെ മാലോം പട്ടണത്തില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നിരപരാധികളായ പത്ത് പേരെ അസം റൈഫ്ള്‍സ് വെടിവച്ചു കൊന്നു. മാലോം കൂട്ടക്കൊലയെന്നറിയപ്പെടുന്ന ഈ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ തങ്ങളുടെ പ്രത്യേക അധികാരങ്ങളുപയോഗിച്ച് അന്വേഷണമെന്ന ആവശ്യം സൈന്യം നിഷേധിച്ചു. അങ്ങനെ സഹികെട്ടാണ് അന്ന് 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന ശര്‍മ്മിള നിരാഹാര സത്യാഗ്രഹം തുടങ്ങിയത്.
മൂന്ന് ദിവസങ്ങള്‍ക്കുശേഷം പൊലീസ് ആത്മഹത്യാ ശ്രമം ചുമത്തി ശര്‍മ്മിളയെ അറസ്റ്റു ചെയ്തു. നിര്‍ബന്ധിച്ച് മൂക്കിലൂടെ ആഹാരം നല്‍കാനും തുടങ്ങി. സത്യഗ്രഹത്തിനിടയില്‍ തന്നെയാണ് ശര്‍മ്മിള രവീന്ദ്രനാഥ ടോഗോര്‍ സമാധാന പുരസ്കാരം സ്വീകരിച്ചത്. പത്ത് വര്‍ഷം തികയുമ്പോഴും ശര്‍മ്മിള സത്യാഗ്രഹം തുടരുകയാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ ശര്‍മ്മിളയുടെ മരണവാര്‍ത്ത നമ്മെത്തേടി വന്നേക്കാം. അപ്പോള്‍ നിര്‍വികാരതയോടെ നിസ്സംഗരായി നമുക്ക് ഒരു കോളത്തില്‍ വാര്‍ത്തയൊതുക്കാം.

2 comments:

aathman / ആത്മന്‍ said...

ഇറോം ശര്‍മ്മിളയ്ക്ക് അഭിവാദ്യങ്ങള്‍...

ശാന്ത കാവുമ്പായി said...

ഇറോം ശർമിളയെക്കുറിച്ചോർക്കുവാൻ പോലും അരഹതയില്ലാത്തവരാണ് നാം.