Pages

Tuesday, December 14, 2010

വീട്ടിലേക്കുള്ള വഴി, ഇടുങ്ങിപ്പോയി


ഡോ.ബിജു സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച വീട്ടിലേക്കുള്ള വഴിയെ നല്ല സിനിമയെടുക്കാനുള്ള ഒരു ശ്രമമായി വിലയിരുത്താം, അത്രമാത്രം. തീവ്രവാദ പശ്ചാത്തലത്തില്‍ വ്യത്യസ്ഥമായ കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഡോക്ടറാണ് പൃഥിരാജ്. ആശുപത്രിയില്‍ മരിക്കുന്ന സ്ത്രീയുടെ കുട്ടിയെ അച്ഛനായ കൊടും ഭീകരന്റെ അടുത്തെത്തിക്കുക ഇതാണ് സിനിമയുടെ ലക്ഷ്യം. രോഗിയുടെ കുട്ടിയെ തേടിപ്പിടിച്ച് എവിടെയാണെന്നുപോലും അറിയാത്ത ഭീകരനെ ഏല്‍പ്പിക്കുക. ഇത്തരം റിസ്ക് എടുക്കണമെങ്കില്‍ രോഗിയും ഡോക്ടറും രോഗിയും തമ്മില്‍ ഒരു സീനിന്റെ ആത്മബന്ധം മതിയെന്നത് ന്യായീകരിക്കാനാകുന്നില്ല.
ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ പൃഥിരാജിനെപ്പോലൊരു നടനുപിറകെ പോയതാണ്. മുഴുനീള കഥാപാത്രത്തെ ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
തെറി പറയുന്നില്ല തോക്കെടുക്കുന്നില്ല എന്നതൊഴിച്ചാല്‍ പൃഥിരാജിന് മറ്റു സിനിമകളില്‍ നിന്നും ഒരു വ്യത്യാസവും കാണാനില്ല.
കമേഴ്സ്യല്‍ സിനിമാതാരങ്ങളെ കൂട്ടുപിടിക്കുന്നതിന്റെ മറ്റൊരു ദുരന്തമായി ധന്യാമേരി. രണ്ടും മൂന്നും സീനുകളിലെങ്കിലും വൃത്തിയായി അഭിനയിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഇവരൊക്കെയെന്തിനാണ്. പുതിയ മലയാള ചിത്രങ്ങളിലൊക്കെ ഈ പ്രവണത കാണാനുണ്ട്. മകരമഞ്ഞിലും ലക്ഷ്മി ശര്‍മയും നിത്യാ മേനോനുമെല്ലാം അരോചകമായി.
രമേഷ് നാരായണന്റെ പശ്ചാത്തല സംഗീതവും നിരാശപ്പെടുത്തി. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താവുന്ന രംഗങ്ങളില്‍പ്പോലും അദ്ദേഹം കര്‍ണകഠോരമായ ശബ്ദങ്ങളാണ് ഉപയോഗിച്ചത്. മറ്റൊരു പ്രധാന ന്യൂനതയായത് കീര്‍ത്തി ചക്ര എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ആവര്‍ത്തനം കടന്നുകൂടിയതാണ്. രണ്ടിലും നായകന്റെ ഭാര്യ കുട്ടിയ്ക്ക് ഐസ്ക്രീ വാങ്ങാന്‍ പോകുമ്പാേേഴാണ് അപകടത്തില്‍ പെടുന്നത്.
ചിത്രം യാതൊരു സങ്കീര്‍ണതകളുമില്ലാതെയാണ് കടന്നുപോകുന്നത്. കുട്ടിയെയുംകൊണ്ട് അവിശ്വസനീയമെന്ന് തോന്നുന്ന വീഥികളിലൂടെ വൈഷമ്യങ്ങളില്ലാതെ കടന്നുപോകുമ്പോള്‍ തന്നെ കാഴ്ചക്കാരില്‍ നിന്നും അകലം കൂടുന്നു. കുറച്ച് സിനിമകണ്ട ആര്‍ക്കും ഇതെങ്ങോട്ടാണ് പോകുന്നതെന്ന ഏകദേശരൂപം ലഭിക്കുന്നു.
ചിത്രത്തിന് മികച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ മലയാള സിനിമ ഇങ്ങനെയൊക്കെ മതിയോ അതോ മലയാളത്തിന് ഇതേ കഴിയുകയുള്ളോ എന്ന് ചിന്തിക്കണം. ലോകസിനിമയ്ക്കുതന്നെ ഒരുപിടി നല്ല ചിത്രങ്ങളെ സമ്മാനിച്ചതാണ് നമ്മുടെ ഭാഷയെന്നതും മറക്കരുത്.
എം.ജെ രാധാകൃഷ്ണന്‍ മനോഹരമായാണ് ലഡാക്കിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. ക്ളൈമാക്സിലെ ട്വിസ്റ്റും നന്നായി.

No comments: