Pages

Friday, April 29, 2011

എന്തോ സള്‍ഫാന്‍


രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യരുതെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ഭാരതീയരും. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന വിഷയത്തില്‍ നമ്മള്‍ മലയാളികള്‍ രാജ്യതാത്പര്യത്തിനെതിരായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദോഷങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും കേന്ദ്രസര്‍ക്കാറിന് അത് ചെമ്പരത്തിപ്പൂവായിരുന്നു. സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോള്‍ നമ്മുടെ നാടിന്റെ മുഖ്യന്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു.
അവസാനം സമ്മര്‍ദത്തിന് വഴങ്ങി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യയും സമ്മതിച്ചപ്പോള്‍ അത് കേരളത്തിന്റെയും നമ്മള്‍ ഓരോ മലയാളികളുടെയും വിജയമായി. എന്‍ഡോസള്‍ഫാനെതിരെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നത് ഗുണകരമായി.
എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു സാമൂഹ്യവിഷയത്തോട് ദേശീയ മാദ്ധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് അത്യന്തം നിരാശാ ജനകമാണ്. ഐ.പി.എല്‍ മത്സരങ്ങളില്‍പോലും ചര്‍ച്ച നടത്തുന്നവര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം കണ്ടില്ലെന്ന് നടിച്ചു. വില്യം രാജകുമാരനും കേറ്റ് മിഡിള്‍ട്ടനും തമ്മിലുള്ള രാജകീയ വിവാഹമായിരുന്നു അവര്‍ക്ക് വിഷയം. സി.എന്‍.എന്നില്‍ രാജകീയ വിവാഹങ്ങള്‍ ആവശ്യമോ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. മാനുഷിക വിഷയങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യേണ്ട ഇവര്‍ ഗോസിപ്പുകള്‍ക്കും പാപ്പരാസിത്തരത്തിനും പുറകെ പോകുന്നത് വല്ലാത്ത നാണക്കേടുതന്നെ. എന്‍ഡോസള്‍ഫാന്‍ ഇനിയും അടിച്ചോട്ടെ, കുഞ്ഞുങ്ങള്‍ വികലരായി ജനിക്കട്ടെ, ഞങ്ങള്‍ക്ക് പുല്ലാ, യാന ഗുപ്ത നിക്കറ് ധരിച്ചില്ലേ, ഞങ്ങള്‍ വെറുതെ വിടില്ല, നോക്കിക്കോ?!

Thursday, April 28, 2011

ബീരാനിക്കാന്റെ മോന്‍ പോക്കര്‍


കുഞ്ഞായിക്കാന്റെ മോന്‍ പോക്കറ് ഒരു സംഭവമായിരുന്നു. ഓന്‍ ഏഴില്‍ പഠിക്കുമ്പത്തന്നെ ബീഡി വലിക്കാറുണ്ടായിരുന്നു. ഓനെപ്പറ്റി ഒരു പരാതീ കേക്കാത്ത ദിവസങ്ങള്‍ സ്കൂള്‍ ജീവിതത്തില്‍ കുറവായിരുന്നു. ലാസറ് മാഷ്ന്റെ അറ്റം പൊട്ടിയ മരസ്കെയിലിന് അവന്റെ ശരീര കോശങ്ങളുമായി നല്ല ബന്ധമായിരുന്നു. മഴക്കാലമായാല്‍ റോഡിന്റെ വക്കില്‍ പൊന്തിവരുന്ന കണ്ണന്‍മീനുകളുമായും വേനലില്‍ ആരാന്റെ മാവിലെ പച്ചമാങ്ങകളുമായും മച്ചാന്‍ വലിയ കൂട്ടായിരുന്നു. ഏഴാം ക്ളാസിലെ ഞങ്ങള്‍ ജൂനിയര്‍ പിള്ളാര്‍ക്ക് കുരുത്തംകെട്ടവന്‍ എന്നവാക്കിന്റെ അര്‍ത്ഥം പഠിപ്പിച്ചു തന്നത് വേണമെങ്കില്‍ പോക്കറിന്റെ സംഭാവനയാണെന്ന് പറയാം. എന്നും ഇവനെ വിളിക്കുന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ ആര്‍ക്കും ഒരു ആകാംക്ഷ കാണുമല്ലോ.
സ്കൂള്‍വിട്ടശേഷം പോക്കറുമായി വല്യ ബന്ധമൊന്നുമില്ലായിരുന്നു. ഓന്‍ പത്ത്വരെയൊന്നും എത്തിയില്ലെന്നുമാത്രം അറിയാം. ഞമ്മള്‍പിന്നെ ഓരോ തെരക്കിലും കുടുങ്ങി നാടൊക്കെ വിടേണ്ടീം വന്ന്. എന്തായാലും കൊല്ലംശ്ശി ഇങ്ങോട്ട് മാറിയാലും പോക്കറുമായി സന്ധിക്കാന്‍ ഇടവന്നു. ബീരാനിക്കേനെ ഒരു പുത്തന്‍മാളീകേന്റെ മുന്നില് കണ്ടപ്പൊ വെറുതെ ചോദിച്ചതായിരുന്നു, അപ്പളാ അറിഞ്ഞത് അത് ഓന്‍വച്ച വീടാന്ന് മനസ്സിലായത്. ബീരാനിക്ക വിട്ടില്ല, പൊരേന്റെ അകത്ത് കൂട്ടികൊണ്ടോയി മൂപ്പര്. പുത്തന്‍ സോഫേല്‍ തന്നെ ഉണ്ടായിനീം പോക്കര്‍, ചെക്കനാകെ തടിച്ച് എറച്ചിവച്ച് തുട്ത്ത്ക്ക്ന്ന്. പൊന്നിന്റെ നിറവും. ഓന്‍ ഫോറിന്‍ സര്‍ബത്തുകൊണ്ട് സല്‍ക്കരിച്ചു. കോയി ബിരിയാണി ബെയ്ച്ചിറ്റ് പോയാ മതീന്ന് ഓന്‍ പറഞ്ഞതാ, പക്ഷേ അപ്പള്‍ത്തേക്കും എന്റെ പള്ള നെറഞ്ഞിനീം. പോരാന്‍ നേരത്ത് ഓന്‍ ഒരു പേക്ക് ട്രിപ്പിള്‍ ഫൈവ് പിടിപ്പിച്ചപ്പോള്‍ ഞാന്‍ ഒന്നു പുറത്തേക്ക് നോക്കി. മഴ വര്ന്നോന്ന് നോക്യേതല്ല, കുരുത്തം കെട്ടവന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെഴുതിയ പുസ്തകം അടുത്തെവിടെങ്കിലും ഉണ്ടോന്ന് പരതീതാ...

Monday, April 11, 2011

നിന്റെ കൈയില്‍ കാറുണ്ട് എന്റെ കൈയില്‍ കല്ലും!


കുട്ടിക്കാലം തൊട്ടേ മനുഷ്യന് വെള്ളം കണ്ടാല്‍ വെറുതെയിരിക്കാന്‍ തോന്നില്ല. പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ വഴിയരികില്‍ വെള്ളം കണ്ടാല്‍ തെറിപ്പിക്കാതെ പോകാന്‍ കുസൃതിക്കുട്ടന്‍മാര്‍ക്ക് മനസുവരില്ല. എന്നാല്‍ കുട്ടിക്കാലത്ത് നമ്മള്‍ എന്തെല്ലാം തമാശകളും കുരുത്തക്കേടുകളും ഒപ്പിക്കും അതെല്ലാം വലുതായാലും തുടരുമെന്നു വാശി പിടിച്ചാലോ? വെള്ളം തെറിപ്പിക്കുന്ന കാര്യത്തില്‍ മലയാളികള്‍ നിര്‍ബന്ധബുദ്ധികാണിക്കുന്നുവെന്നുതോന്നും അവന്റെ ചെയ്തികള്‍ കാണുമ്പോള്‍.
മഴയൊന്നു വന്ന് സലാം പറഞ്ഞുപോയാല്‍ മതി നമ്മുടെ റോഡുകള്‍ തോടാകും. ഈ തോട്ടില്‍ വണ്ടിയുടെ ടയര്‍ കഴുകിയെടുക്കുക ചിലവന്‍മാര്‍ക്ക് ഒരു വിനോദമാണ്. അടുത്തുകൂടെ ആളുപോകുന്നോ എന്നൊന്നും അറിയേണ്ട. കൂളിംഗ്ഗ്ളാസിന്റെ സംരക്ഷണയില്‍ ആളറിയില്ലെന്ന ഗര്‍വോടെ അവന്‍ ചളിവെള്ളം കൊണ്ട് കാല്‍നടക്കാരനെ അഭിഷേകം ചെയ്യും. പാവപ്പെട്ടവന്‍ വല്ല കല്യാണത്തിനോ അല്ലെങ്കില്‍ ജോലിക്കുതന്നെയോ പോകുന്നതിനിടെയാകണം സാമദ്രോഹിയുടെ അക്രമം. ഉണങ്ങാത്ത വസ്ത്രം ഇസ്തിരിയിട്ട് ഇടാന്‍ പാകത്തില്‍ ഒരുക്കിയിറങ്ങിയന് ഈ അനുഭവമുണ്ടാകുമ്പോള്‍, താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു ചോദിക്കാന്‍ ആരുണ്ട്. സര്‍ക്കാര്‍ സഹായിച്ച് റോഡില്‍ വീടുകെട്ടാനുള്ള കല്ലുണ്ട്. ഒന്നെടുത്ത് ഗ്ളാസിനെ ലക്ഷ്യമാക്കേണ്ട താമസമേയുള്ള. അവന്‍ അതു ചെയ്യാത്തത് പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളോര്‍ത്താണ്. എന്നുവച്ച് ഇതവന്റെ കഴിവുകേടാണെന്ന് ധരിക്കരുത്.

Sunday, April 3, 2011

ധോണിയുടെ മികവില്‍ ഇന്ത്യയ്ക്ക് ചരിത്ര നിയോഗം


നമ്മുടെ കുഞ്ഞോമനകള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ സാധാരണ കറുത്തൊരു പുള്ളികുത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇവര്‍ക്ക് കണ്ണുകൊള്ളാതിരിക്കണമെങ്കില്‍ ഒരാനയോളംപോന്ന കരിങ്കല്ലെങ്കിലും വേണ്ടിവരും. മികവിന്റെ എക്സ്ട്രീമിലാണ് ടീം. ധോണിയുടെ നീലക്കുപ്പായക്കാര്‍ ശനിയാഴ്ച നേടിയത് അയര്‍ലന്‍ഡിനോടോ ഹോളണ്ടിനോടോ നേടിയപോലത്തെ ഒരു ജയമായിരുന്നെങ്കില്‍ ഇങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നാല്‍ ലോകകപ്പുപോലൊരു ടൂര്‍ണമെന്‍്റ് ജയിക്കേണ്ടരീതിയില്‍ തന്നെയാണ് ഇന്ത്യ ജയിച്ചുകാണിച്ചത്.
275 എന്ന വിജയലക്ഷ്യം ഒരിക്കലും മുംബയിലെ ഡേ നൈറ്റ് മാച്ചില്‍ എളുപ്പമല്ല. സെവാഗിന്റെ വെടിക്കെട്ടിലായിരുന്നു പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 'സ്ളിംഗ' മലിംഗ രണ്ടാമത്തെ പന്തില്‍ തന്നെ പണിപറ്റിച്ചു. സച്ചിന്‍കൂടി മലിംഗയ്ക്ക് കീഴടങ്ങിയതോടെ വാങ്കഡെ നിശ്ചലമായി. എന്തും സംഭവിക്കാമെന്ന അവസ്ഥ ഒരു വിക്കറ്റുകൂടി വീണാല്‍ സമ്മര്‍ദ്ദം പാരമ്യതയിലെത്തും. എന്നാല്‍ കീഴടങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. വിരാട് കോഹ്ലിയുമൊത്ത് ഗൌതം ഗംഭീര്‍ ഗംഭീരമായി തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്ടന്റെ കളി ഫൈനലിലേക്ക് മാറ്റിവച്ച ധോണിയ്ക്കായിരുന്നു അടുത്ത ഊഴം. കുലശേഖരയെറിഞ്ഞ 49ാം ഓവറിലെ രണ്ടാമത്തെ പന്ത് ധോണിയുടെ ബാറ്റില്‍ നിന്ന് സ്ട്രെയിറ്റ് സിക്സിനു പറക്കുമ്പോള്‍ 121 കോടിയുടെ പ്രാര്‍ത്ഥനകളാണ് സഫലീകരിച്ചത്. സിംഗിളിടുത്തും ജയിക്കാം, ഫോറടിച്ചും ജയിക്കാം. ധോണിയുടെ സിക്സര്‍ ഇന്ത്യന്‍ ടീമിന്റെ ഫോമിന് അടിവരയിടുത്ത വിജയ ചിഹ്നമായി. ജയത്തോടെ ഇന്ത്യ ഏകദിനത്തിലും ഒന്നാമതെത്തി. എല്ലാംകൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ടീമിന് ഇനി കണ്ണേറുപറ്റാതെ ഇതു നിലനിര്‍ത്തുകയാണ് വിഷമം പിടിച്ച പണി.
ചരിത്രത്തിലെ പലമാറ്റങ്ങളും കൃത്യമായി എവിടെനിന്ന് എങ്ങനെയെന്ന് പറയാന്‍ പലപ്പോഴും ഗവേഷകര്‍ക്ക് കഴിയാറില്ല. ആധുനിക ക്രിക്കറ്റിന്റെ ചരിത്രമെഴുത്തുകാര്‍ക്ക് പക്ഷേ പണി അത്ര ബുദ്ധിമുട്ടുണ്ടാക്കില്ല. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ക്രിക്കറ്റ് കീഴടക്കിവച്ചിരുന്ന ആസ്ട്രേലിയന്‍ മേധാവിത്വം 2007ലെ ലോകകപ്പ് വിജയത്തിനുശേഷം മങ്ങിയിരുന്നു. അവര്‍ക്ക് ആഷസുകള്‍ നഷ്ടപ്പെട്ടു. ട്വന്റി-20യില്‍ ഇതുവരെ കിരീടം ചൂടാനായില്ല. ഏകദിന പരമ്പരകളില്‍ പരാജയം എന്നിങ്ങനെ ദൌര്‍ബല്യം പുറത്തുവന്നുകൊണ്ടിരുന്നു. അപ്പോഴും ലോകകപ്പ് അവരുടെ കീശയിലായിരുന്നു. ഇത്തവണ അവര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു.
മറുവശത്ത് ഇന്ത്യ കടമ്പകള്‍ ഓരോന്നായി കടന്ന് സിംഹാസനത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പ്, വിദേശത്തെ ടെസ്റ്റ് വിജയങ്ങള്‍, ടെസ്റ്റിലെ ഒന്നാംനമ്പര്‍ പദവി എന്നിവ നേടിയ ഇന്ത്യ ലോകകപ്പ് കൂടി കരസ്ഥമാക്കിയതോടെ പുതിയ ലോകരാജാക്കന്‍മാര്‍ ആര് എന്നതിന് കൃത്യമായ ഉത്തരം ലഭിക്കുകയായി. 1983ലെ പോലെ അപ്രതീക്ഷിത വിജയമായിരുന്നില്ല ഇത്, ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകള്‍.
കൃത്യമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ആകെത്തുകയാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ്. ക്യാപ്ടന്‍ ധോണിയും കോച്ച് ഗാരി കേഴ്സ്റ്റണും 2008 മുതല്‍ ചിന്തിച്ചുകൂട്ടിയതിന്റെ ഫലമെന്നുവേണമെങ്കില്‍ പറയാം. എങ്കിലും ടീമിനെ ഈ നിലയിലെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിയ്ക്ക് നല്‍കാനാകില്ല. കോഴവിവാദത്തില്‍പെട്ട് നാണക്കേടിലായിരുന്ന ഇന്ത്യന്‍ ടീമിന് പുതിയ ദിശാബോധം സൃഷ്ടിച്ചെടുത്ത സൌരവ് ഗാംഗുലിയെന്ന ക്യാപ്ടനെ നാം മറന്നുകൂടാ. ക്രിക്കറ്റെന്നാല്‍ ജെന്റില്‍മാന്‍സ് ഗെയിം എന്ന് ഗമ പറഞ്ഞു നടന്നവരുടെ നെറ്റി ചുളിപ്പിച്ച ദാദ പുതിയൊരു ഇന്ത്യയെ യംഗ് ഇന്ത്യയെ വാര്‍ത്തെടുത്തു. പോരാടാന്‍ വെമ്പുന്ന വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്തവരുടെ കൂട്ടമായി അവര്‍ വളര്‍ന്നുവന്നു. കഴിവുള്ളവരെ ദാദ വളര്‍ത്തിയെടുത്തതിന്റെ ഗുണമാണ് ഹര്‍ഭജനിലൂടെയും സഹീറിലൂടെയും യുവ്രാജിലൂടെയും എന്തിന് സെവാഗില്‍ പോലും കാണാന്‍ കഴിയുന്നത്. തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുമ്പോലെയാണ് ഗാംഗുലി പിന്തുണ നല്‍കി ഇവരെ വളര്‍ത്തിയെടുത്തത്. യുവ്രാജ് സിംഗ് കിരീടനേട്ടത്തിനിടെയും ഇത് മറന്നില്ലെന്നത് ശ്രദ്ധേയമാണ്. അന്ന് ദാദയ്ക്ക് ഫൈനലില്‍ കാലിടറിയെങ്കിലും തലയുയര്‍ത്തിതന്നെയാണ് തിരിച്ചുപോന്നത്. ഗാംഗുലി തീര്‍ത്ത ഈ അടിത്തറയാണ് ധോണിയ്ക്ക് കൊട്ടാരം പണിയാന്‍ തുണയായത്.
ഇനി ഐ.പി.എല്‍ സീസണ്‍ തുടങ്ങുകയായി. എല്ലാവരും ഒന്നു വിശ്രമിക്കുക പോലും ചെയ്യാതെ ഐ.പി.എല്ലിനായി ഇറങ്ങും. കിരീട നേട്ടം ധോണിയുടെയും സംഘത്തിന്റെയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏകദിനത്തിലെയും ടെസ്റ്റിലെയും ഒന്നാം നമ്പര്‍ ടീമെന്ന പദവി കാത്തുസൂക്ഷിക്കാന്‍ ഈ ഫോം തുടരേണ്ടിയിരിക്കുന്നു.


ഭാഗ്യ ശ്രീമാന്‍

ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന ആദ്യമലയാളിയായ ശ്രീശാന്തിന് പക്ഷേ ആസൌഭാഗ്യം മുതലാക്കാനായില്ല. 8 ഓവറില്‍ വഴങ്ങിയത് 52 റണ്‍സാണ്. രണ്ടു മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും വാലറ്റക്കാരന്റെപോലും വിക്കറ്റെടുക്കാനായില്ല. ഒറ്റക്യാച്ചുപോലും ചെയ്യാനും അവസരം ലഭിച്ചില്ല. എന്തായാലും ശ്രീശാന്ത് എന്നാല്‍ ഭാഗ്യമാണെന്ന് പറയുന്നവര്‍ കുറവല്ല.
ഭാഗ്യദേവതയുടെ വിളയാട്ടംതന്നെ ശ്രീശാന്തിന്റെ കാര്യത്തില്‍ കാണാന്‍ കഴിയും. പ്രവീണിനു പരിക്കുപറ്റിയതിനാലാണ് ശ്രീ ടീമിലെത്തിയതുതന്നെ. നെഹ്റയുടെ പരിക്ക് കാരണം ആദ്യമത്സരത്തിലും ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ചു. ശ്രീകളിച്ച രണ്ടാമത്തെ ലോകകപ്പിലും കിരീടം ഇന്ത്യയ്ക്ക്. ശ്രീശാന്ത് ടീമിലുണ്ടോ കിരീടം ഇന്ത്യയ്ക്ക്!

Friday, April 1, 2011

പൂനം ചേച്ചിയ്ക്ക് പിന്നാലെ


ഇന്ത്യയിലെ ഒട്ടുമിക്ക മഹിളാമണികളും ബഹുമിടുക്കികളാണ്, എന്നാല്‍ എത്രയെണ്ണത്തിന് തലയിലെ ചാത്തനെ ആവശ്യത്തിന് ഉപയോഗിക്കാനറിയാം. ഇവിടെയാണ് പൂനം പാണ്ഡെയെന്ന ഇരുപതുകാരി മോഡല്‍ വ്യത്യസ്തയാകുന്നത്. ഒറ്റ പ്രഖ്യാപനത്തിലൂടെയല്ലേ അവള്‍ നെറ്റില്‍ ഏറ്റവും തിരയുന്ന പത്തുപേരില്‍ ഒരാളായത്. പാകിസ്ഥാനെതിരായ സെമിഫൈനലിനു മുന്നെയാണ് ഇന്ത്യ കപ്പുനേടിയാല്‍ താന്‍ തുണിയുരിഞ്ഞ് ഓടുമെന്ന് പറഞ്ഞ് മോഡല്‍ എല്ലാവരെയും ഞെട്ടിച്ചത്. കളി ജയിച്ചപ്പോള്‍ താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അവള്‍ ആവര്‍ത്തിച്ചു. അതോടെ അവള്‍ ആരാധകരുടെ മുത്തായി മാറിയിരിക്കുകയാണ്. പേരു കേട്ടവനും കേള്‍ക്കാത്തവനുമെല്ലാം സെര്‍ച്ചാനായി ഓടിത്തുടങ്ങി. അല്ല ഒരു കാഴ്ചയൊത്താല്‍ പാഴാക്കരുതല്ലോ.
എന്തായാലും മകള് പിറന്നപടിനിന്ന് ആളെ രസിപ്പിക്കുന്നതില്‍ തങ്ങള്‍ക്കൊന്നുമില്ലേന്ന് പറഞ്ഞ് മാതാപിതാക്കള്‍ പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടി അത്രയെളുപ്പമാകില്ലെന്നാണ് മുംബയില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നല്ലൊരു പെങ്കൊച്ച് തുണിയില്ലാതെ നില്‍ക്കുന്നത് കാണാനുള്ള ശക്തിയില്ലാത്തതുകാരണം ശിവസേനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വേറെ കുറെകൂട്ടര്‍ ഈ മഹാമനസ്കയ്ക്കെതിരെ കേസുകൊടുത്തിരിക്കുകയാണ്. എന്തായാലും പൂനത്തിനു കിട്ടിയ പ്രശസ്തിയ്ക്ക് കൈയും കണക്കുമില്ല. കൊച്ചിന്റെ പ്രഖ്യാപനം കേട്ട് ലോക പ്രശസ്ത മൃഗസംരക്ഷണ സംഘടനയായ പെറ്റ മൃഗങ്ങള്‍ക്കുവേണ്ടി അവരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടാമോയെന്ന് ചോദിച്ചിട്ടുണ്ട്.
കാര്യമെന്തായാലും നാളെ ഇന്ത്യ ജയിച്ചാല്‍ ആളുകള്‍ ആദ്യം ചോദിക്കുന്ന ചോദ്യം പൂനം തുണിയഴിച്ചോടിയോ എന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല!