Pages

Friday, June 24, 2011

ദിവ്യ ഗര്‍ഭം


ഏഷ്യ എന്ന വന്‍കരയിലെ ഇന്ത്യയെന്നൊരു രാജ്യത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരു പെരുത്ത രാജ്യം തന്നെയാണത്. 120 കോടി ആളുകളും മറ്റുമാണ് അവിടെ പാര്‍ക്കുന്നത്. ഈ രാജ്യത്തെ പ്രത്യേകതയെന്തെന്നാല്‍ ഇവിടെ പ്രത്യുത്പാദനം നടക്കുന്നത് വിത്തുമുളച്ചിട്ടാണെന്നുള്ളതാണ്.
ഓരോ വീട്ടിലെയും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കല്യാണപ്രായമായെന്നു തോന്നിയാല്‍ അവരുടെ മാതാപിതാക്കള്‍ ഇവരെ തൊട്ടടുത്തുള്ള ഫോറസ്റ്റിലേക്ക് പറഞ്ഞുവിടും. ഫോറസ്റ്റിലിരുന്ന് വെടിപറയുക, മണ്ണപ്പം ചുടുക എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന വിനോദം. ഈ വനവാസത്തിനു പക്ഷേ ഒരു ലക്ഷ്യമുണ്ട്. ആ ഘോരഫോറസ്റ്റിലെ ഒരു പ്രതിമ കണ്ടുപിടിക്കലായിരിക്കും ചെറുക്കന്റെയും പെണ്ണിന്റെയും പ്രധാന ജോലി. അതിനെ കണ്ടുപിടിച്ചാലേ അവര്‍ക്ക് സന്താന പരമ്പരയ്ക്കുള്ള ഭാഗ്യം ലഭിക്കൂ.
അങ്ങനെ കണ്ട അണ്ടന്റെയും അടകോടന്റെയും പ്രതിമയൊന്നും കണ്ടുപിടിച്ചിട്ട് കാര്യമില്ല. പ്രതിമയ്ക്ക് മഞ്ഞ കണ്ണുണ്ടായിരിക്കണമെന്ന് മാത്രമല്ല, കാക്ക കാഷ്ടം പോയിട്ട് കാക്കയുടെ പൂടപോലും ഏല്‍ക്കാത്തതുമായിരിക്കണം. അങ്ങനെയുള്ള പ്രതിമ കണ്ട്പിടിച്ച് ആണും പെണ്ണും ഉടുതുണിയില്ലാതെ നുറ്റൊന്ന് ഏത്തമിട്ടാല്‍ പ്രതിമയുടെ വായില്‍ നിന്ന് ഒരു കറുത്ത ആപ്പിള്‍ പുറത്ത് വരും. ഈ ആപ്പിള്‍ 37 ആയി മുറിച്ച് അതിലെ 21ാമത്തെ കഷണം ഒറ്റക്കണ്ണനായ പട്ടിക്കുകൊടുക്കണം. എന്നിട്ട് 32ാമത്തെ കഷണം തൊട്ടടുത്ത പൊട്ടക്കിണറ്റില്‍ തള്ളണം. ആ കിണറ്റില്‍ നിന്നാണ് പത്തുമാസം കഴിഞ്ഞ് കുട്ടി പൊന്തി വരിക.
ഇങ്ങനെയുള്ള നാടാണെന്ന് മനസ്സിലായല്ലോ. അങ്ങനെയിരിക്കുമ്പോഴാണ്. അവിടെ ഒരു നടിക്ക് ആദ്യമായി ഗര്‍ഭമുണ്ടാകുന്നത്, അതും നൂറ്റിരണ്ടാമത്തെ വയസ്സില്‍. ചില്ലറക്കാരിയൊന്നുമല്ല ഈ നടി. മഹാമാമുനി അമിതോഘോഷന്റെ മകന്റെ മകളാണ്. തന്നെയുമല്ല, ഒരു ഫോര്‍മര്‍ അപ്സരസും.
നടിയുടെ ദിവ്യഗര്‍ഭ വാര്‍ത്തയറിഞ്ഞ് മാമുനി സന്തോഷാധിക്യത്താല്‍ മതി മറക്കുകയാണ്. ദിവ്യഗര്‍ഭത്തിന് എന്നേ പേറ്റന്റ് ലഭിക്കേണ്ടിയിരുന്ന അസ്പരസിന്റെ ഒരു ഫോര്‍മര്‍ കാമുകന്‍ പറഞ്ഞത് കുട്ടിയുടെ ചാച്ചയാണ് ഞാനെന്നാണ്. അസ്പരസ് ഒരു ഏഴെണ്ണത്തിനെയെങ്കിലും പെറണമെന്ന അഭ്യര്‍ത്ഥനയും മൂപ്പര്‍ക്കുണ്ട്.
വാര്‍ത്തകേട്ട് രാജ്യത്തെ രാജാവിന് സന്തോഷം അടക്കാന്‍ കഴിയുന്നില്ല. അദ്ദേഹം അസ്പരസിന്റെ ഭര്‍ത്താവിനെ വിളിപ്പിച്ചിരിക്കയാണ് എങ്ങനെ ഇബിലീസുകളെ പോറ്റാമെന്ന് അങ്ങേര് പഠിപ്പിച്ചുകൊടുക്കാമത്രെ.

Monday, June 20, 2011

ഞമ്മളെ സ്വന്തം കര്‍ലക്കുട്ടായി


ങ്ങള് കപ്പലണ്ടി മുട്ടായി, കടലമുട്ടായീന്നൊക്കെ വിളിക്ക്ന്ന് സാന്നം ഞമ്മക്ക് കര്‍ലക്കുട്ടായി ആണ്. ഈ കര്‍ലക്കുട്ടായിക്ക് എത്രമാതിരി കഥ പറയാന്‍ണ്ട്ന്നാ വിശാരം. ഈ നൊസ്റ്റാള്‍ജിയന്നൊക്കെ പറയ്ന്ന്ണ്ടല്ലോ പലര്‍ക്കും ഈ കര്‍ലക്കുട്ടായി കാണുമ്പം അത് താനേ വരും. ങ്ങള് മണലാരണ്യങ്ങളില്‍ ഷെയ്ക്കിന്റെ ഒട്ടകത്തിന്റെ പല്ലെണ്ണുന്നോനോ സായിപ്പിന്റെ കമ്പ്യൂട്ടറ്മ്മലെ എലീനെപ്പിടിക്കുന്നോനോ ഒന്നും അല്ലെങ്കില്‍ കാപ്പിരീന്റെ നാട്ടില്‍ പൊന്ന് കുയ്ച്ച് നോക്ക്ന്നോ ആരെങ്കിലും ആകട്ടെ ഒരു കണ്ടം കര്‍ലക്കുട്ടായി ഒന്ന് കാട്യോക്കി അപ്പംക്കാണ പൈയ്ക്കുട്ടി അക്ട് കണ്ടമായിരി ങ്ങളെ ഓര്‍മ നൊസ്റ്റാള്‍ജിയേന്റെ പിന്നാലെ പായ്ന്നത്.
കൊറെ ചില്ലറപ്പൈസേന്റെ കണക്ക് പറയാനുണ്ടാകും ഈ കര്‍ലക്കുട്ടായിക്ക്. കോയാലിക്കാന്റെ കുമിട്ടി പീട്യേല് തണ്ത്ത് കെടന്ന് ഒര്‍ങ്ങുന്ന കര്‍ലക്കുട്ടായീനെ കണ്ടിറ്റാണ് ഞമ്മള് പള്ളിക്കൂടത്തില്‍ പോകുന്നത് തന്നെ. അന്ന് പത്തീസീം മറ്റുമൊക്കേ ഉണ്ടാരുന്നുള്ളൂ ഈ സാന്നത്തിന്. ദെവസം രണ്ടെണ്ണെങ്കിലും കിട്ടാതെ ഞമ്മക്ക് കാസില് ഇരുപ്പുറക്കില്ലായിരുന്നു. ജനഗണ കയിഞ്ഞ് ടിംടിം അടി തുടങ്ങുമ്പള്‍ത്തേക്കും കോയാലിക്കാന്റടുത്ത് ഞമ്മള്‍ ഹാജറുവക്കും.
കഥകള് ബേറീംണ്ട് പറയാന്‍ ബീയാത്തും കുഞ്ഞാലീം തമ്മില് മൊഹബത്തിലായതും കര്‍ലക്കുട്ടായി കൊണ്ടല്ലേന്ന്. ഓന്‍ ബാപ്പാന്റെ കൊപ്പര കൊറെ കട്ടിറ്റാണെങ്കിലും ഓള്‍ക്ക് ദെവസും മുട്ടായി ബാങ്ങി കൊടുക്കേനും. അയിനെക്കൊണ്ട് ഓന് പെണ്ണ് തെരയണ്ടി വന്നില്ല.
ഈ കര്‍ലക്കുട്ടായികൊണ്ട് ഞമ്മള് എത്ര തല്ല്ന്ന് കയ്ച്ചിലായിക്ക്ന്ന് ന്നറിയോ. ജഗള സബൂറാക്കാന്‍ ബെസ്റ്റ് സാന്നാ ഈ കര്‍ലക്കുട്ടായി അറിയ്വോ. അന്ന് നാസറ് ശങ്കറ്ന്റെ കാല്മ്മല് ബെഞ്ച് തള്ളിട്ട്ന്ന് പര്‍ഞ്ഞ് എമ്മായിരി കച്ചറ്യേന്യും. ബെഞ്ച് ഞമ്മളോട് ബീണതാണ്ന്ന് ഞമ്മക്കല്ലേ അറ്യോള്ളൂ. എന്തായാലും രണ്ടിന്റീം തൊള്ളേല് കര്‍ലക്കുട്ടായി തിര്കീറ്റാണ് അന്ന് ഞമ്മള് കയ്ച്ചിലായത്. അങ്ങനെ എത്രയെത്ര കഥകള്.

Friday, June 17, 2011

യെന്നാലുമെന്റെ നിതിനേ...


ചില പ്രവൃത്തികളെ പ്രശംസിക്കാന്‍ പ്രശംസയ്ക്കുപോലും വാക്കുകള്‍പോരെന്നു തോന്നിപ്പോകും. അത്തരത്തിലൊരു തീരുമാനമാണ് മീററ്റിലെ ഒരു ഐ.ടി കമ്പനി സൂപ്പര്‍വൈസറായ നിതിന്‍ ത്യാഗിയെന്ന 21കാരന്‍ പയ്യന്‍ എടുത്തത്. കെട്ടിയപെണ്ണിനെ ആരെങ്കിലും നോക്കുന്നതുപോലും ഇഷ്ടപ്പെടാത്ത കണവന്‍മാരുള്ള ഈ നാട്ടില്‍തന്നെയാണ് താലി കെട്ടിയ പെണ്ണിനെ അവളുടെ കാമുകനു നല്‍കാന്‍ നിതിന്‍ തയ്യാറായിരിക്കുന്നത്.
കഥയല്‍പ്പം കുഴഞ്ഞ് അതൃമാന്‍ക്കയുടെ ദോശപ്പരുവത്തിലാണ്. ചുരുക്കി ചുരുക്കി കോല്‍മുട്ടായീന്റെ വലിപ്പത്തില് പറയാം. ചെക്കന്റെ മെച്ചൂരിറ്റിയും ചുറുചുറുക്കും കണ്ടിറ്റായിരിക്കണം അച്ഛനും അമ്മയും ഇരുപത്തിരണ്ടാം വയസില്‍ തന്നെ പെണ്ണുകെട്ടിക്കാന്‍ തീരുമാനിച്ചത്. ചെക്കന് പെണ്ണുനോക്കിയത് ഒരു പൊലീസ് എസ്.ഐയുടെ മോളെയാണ്. അപ്പന്‍ പോലീസായതുകൊണ്ടാകും പെങ്കൊച്ച് ഒരു ട്രെയിനി എസ്.ഐ കൊച്ചന്റെ കൂടെ അങ്ങട് പോയി. എന്തായാലും എസ്.ഐ വിട്ടില്ല അതാ നിക്ക്ന്ന് വീട്ടില് പൊരനെറഞ്ഞ് ഒന്നുകൂടി. ഐ.ടി ചെക്കന്റെ തലേല് അതിനെ പിടിച്ചുകൊടുക്കാന്ന് ഏറ്റു. അങ്ങനെ നിതിന്റെ ജീവിതത്തിലേക്ക് ആരതിയെന്ന പെണ്‍കുട്ടി കടന്നു വന്നു. ഇനിയാണ് ക്ളൈമാക്സ് എല്ലാരും മുറുക്കി പിടിച്ച് ഇരുന്നോളി. പ്പം പറയാം ബാക്കി.
ചേച്ചി വേലി ചാടിയെങ്കില്‍ അന്‍സത്തി ബിന്‍ലാദന്റെ പൊരേന്റെ മതില് വരെ ചാടാന്‍ പോന്നോളായിരുന്നു. ആരതി കോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ ഒരു ചെറുക്കനുമായി ഏതോ ഒരുമ്പലത്തില്‍ വച്ച് കല്യാണം കഴിച്ചതാണത്രേ. അന്ന് തന്തപ്പടി മീശ പിരിച്ച് ചെക്കനേം പെണ്ണിനെയും കൈയ്യോടെ പിടികൂടിയതാണ്. നല്ല ബെസ്റ്റ് പൊലീസ് കുടുംബം.
എന്തായാലും ആരതി പുതുമണവാളനോട് കരഞ്ഞ് കാര്യം പറഞ്ഞ്. പെണ്ണിനെ മയക്കുവെടിവെച്ചാണത്രെ കല്യാണപന്തലിലേക്ക് എഴുന്നള്ളിയത്. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോഴേക്കും നമ്മുടെ കഥാനായകനിലെ ത്യാഗ സ്വരൂപനായ മമ്മൂട്ടി ഉണര്‍ന്നു. ഒരു രാഗിയങ്ങട് എട്ത്ത് പെണ്ണിന്റെ കൈത്തണ്ടേല് അങ്ങട് കെട്ടി, ചെക്കന്‍ ഓളെ പെങ്ങളാക്കി. മറ്റവന്റെകൂടെ ജീവിക്കാന്‍ അനുവദിക്കാമെന്നും സമ്മതിച്ചുകൊടുത്തിട്ടുണ്ട്. എന്തായാലും നിതിന്റെ കുടുംബത്തിനും മകന്റെ പ്രവര്‍ത്തിയില്‍ അഭിമാനമാണ്.
പക്ഷേ ആരതീന്റെ വീട്ടുകാര്‍ ആ എസ്.ഐയും ടീമും ശര്യാക്കിത്തരാംന്ന്ള്ള സ്റ്റാന്റിലാണ്. എന്താവുംന്ന് ആര്‍ക്കറിയാം. മ്മക്ക് ഒന്നേ പറയാനുള്ളൂ പടച്ചോനേ നിതിന്നെ കാത്തോളീ...ന്ന്

ചെക്കന്‍ നല്ലബുദ്ധിയോടെ ചെയ്തതാണോ ഇതെന്ന് അറിയില്ല. ന്തായാലും ഓന് അപാര മൈലേജാണ് കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് 10 മണിക്കൂറിനകം 410 കമന്റാണ് വന്നത്. ഇനി ഇവനെ ഞാന്‍ കെട്ടാം ഞാന്‍ കെട്ടാമെന്ന് പറഞ്ഞ് പെമ്പിള്ളാര് ക്യൂ നില്‍ക്കും.

അപ്പം ഒള്ള ഭാര്യയെ പൊന്നുപോലെ നോക്കുന്ന നിങ്ങള് ആരായി.

Wednesday, June 15, 2011

ഗോവിന്ദച്ചാമി മോചിതനാകുമോ


പത്രം വായിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയ വാക്കുകളാണ് ബലാത്സംഗവും സ്ഫോടനവും. ഉച്ചാരണത്തിലെ ബുദ്ധിമുട്ടായിരിക്കാം ഈ വാക്കുകള്‍ പണ്ടേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബലാത്സംഗത്തിന്റെ അര്‍ത്ഥം മുതിര്‍ന്നവര്‍ മറച്ചു പിടിച്ചപ്പോഴേ തോന്നി അത് വലിയവര്‍ക്കുള്ളതാണെന്ന്. പിന്നീട് അര്‍ത്ഥം അറിയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ വാര്‍ത്തപോലും വായിക്കാതെ വിട്ടില്ല. പൈശാചികമായ ഒരു ചൊറിച്ചിലിന്റെ ദാഹം തീര്‍ക്കലായിരിക്കാം അത്.
പിന്നീട് പത്രത്തിലെ ജോലി പത്രത്തിലെത്തിയപ്പോള്‍ ബലാത്സംഗവും പീഡനവുമെല്ലാം ഞങ്ങള്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകളായി. ആവശ്യത്തിന് എരിവും പുളിയും കൈയില്‍ നിന്ന് ഇട്ട് എഴുതുന്നതില്‍ ഒരു മനസ്താപവും തോന്നിയില്ല. മറ്റെല്ലാം മറന്നാലും ഇന്ന പീഡന വാര്‍ത്തയുടെ ഫോളോ അപ്പ് മറക്കാതെ സൂക്ഷിച്ച് സപ്ളിമെന്റ് ചെയ്യുമായിരുന്നു. അവ ആരും വായിക്കാതെ വിടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ വാര്‍ത്ത കൈയിലെത്തിയതുമുതല്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കിയ സംഭവമാണ് സൌമ്യയുടെ കൊലപാതകം. ആരാണ് അക്രമിയെന്നും കുട്ടിയുടെ നിലയെന്തെന്നുമൊന്നും അറിയില്ലായിരുന്നെങ്കിലും കുട്ടി രക്ഷപ്പെടണേ എന്നായിരുന്നു പ്രാര്‍ത്ഥന. സൌമ്യയുടെ മരണം പിന്നീട് കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലേക്കാണ് നയിച്ചത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കൈകളില്‍ എത്തികൊണ്ടിരുന്നു. ശരിക്കും മടുത്തുപോയി. ഉറക്കം അപഹരിക്കുമാറായിരുന്നു ആ കുട്ടിയുടെ മരണം.
പിന്നീട് പ്രതി ഗോവിന്ദച്ചാമിയുടെ രൂപം മനസ്സില്‍ കാലന്റേതിനു സമാനമായാണ് രൂപമെടുത്തത്. അല്ലെങ്കിലും ഒരു മനുഷ്യനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല അയാള്‍ ചെയ്തു കൂട്ടിയിരിക്കുന്നത്. ചോര കണ്ടാല്‍ അറയ്ക്കാത്ത മനുഷ്യന്‍മാരുണ്ടാകുമോ. ചോര വാര്‍ന്നൊലിക്കുന്ന മൃതപ്രായമായ ശരീരത്തെയാണ് അയാള്‍ പിച്ചി ചീന്തിയത്.
സൌമ്യയുടെ ചുണ്ടും മാറിടവും അയാള്‍ കടിച്ചെടുത്തിരുന്നു എന്ന ഒരൊറ്റ കാര്യം മതി അയാളിലെ മൃഗത്തിന്റെ ആഴമറിയാന്‍.
ആ ഗോവിന്ദച്ചാമിക്ക് വേണ്ടി ആരും കോടതിയില്‍ ഹാജരാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എത്തിയതോ ബി.എ ആളൂരിനെപ്പോലുള്ള പ്രമുഖരായ അഞ്ചു വക്കീലന്‍മാര്‍. വക്കീലമ്മാരോട് ഒന്നു ചോദിച്ചോട്ടെ. നിങ്ങള്‍ കള്ളന്‍മാരെ രക്ഷിച്ചോളൂ, അഴിമതിക്കാരെ വെള്ളപൂശിക്കോളൂ. കാശുണ്ടാക്കാന്‍ എത്ര വേണമെങ്കിലും കള്ളം പറഞ്ഞോളൂ. എങ്കിലും നിങ്ങള്‍ക്കുമില്ലെ മനസ്സാക്ഷി. കേരളം മുഴുവന്‍ മരിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആ നരാധമനുവേണ്ടി തന്നെ നിങ്ങള്‍ക്ക് വാദിക്കണോ
നീ പുറത്തുവന്നാലും ജീവിക്കാമെന്ന് കരുതണ്ട ചാമീ, കൃഷ്ണപ്രിയ സംഭവം നമുക്ക് മുന്നലുണ്ടല്ലോ... ആരുടെയെല്ലാം കൈകള്‍ പൊങ്ങുമെന്ന് നമുക്ക് കണ്ടറിയാം.

Saturday, June 11, 2011

പ്രാതലിനെന്താ രാജാ കേക്കോ കനി ജിലേബിയോ


നമ്മുടെ നാടന്‍ ബേക്കറികളിലെ ഫുഡ് കഴിച്ചുമടുത്തോ, വിഷമിക്കണ്ട നിങ്ങളുടെ രസനയുടെ മുകുളങ്ങളെ തഴുകിയുണര്‍ത്താന്‍ വി.ഐ.പി ഫുഡ് ലഭിക്കാന്‍ പോകുന്നു. എന്ത് വി.ഐ.പിയെന്ന് ഓര്‍ത്ത് വിഷമിക്കണ്ട. നമ്മുടെ മുന്‍മന്ത്രിയും എം.പിയുമൊക്കെ താമസിക്കുന്ന തീഹാര്‍ ജയിലില്‍നിന്നാണ് ഫുഡെത്താന്‍ പോകുന്നത്. അതാകുമ്പോള്‍ നല്ല അഴിമതിയുടെ സ്വാദും കോടികളുടെ നറുമണവുമുണ്ടാകുമല്ലോ.
ടി.ജെ സ്പെഷ്യല്‍ പ്രൊഡക്ടുകള്‍ ഇനി മുതല്‍ കേന്ദ്രീയ ഭണ്ഡാര്‍ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. ഇവര്‍ക്ക് ഇത് പുത്തന്‍ ഏര്‍പ്പാടൊന്നുമല്ല. പക്ഷേ, കനിയും രാജയുമൊക്കെ വന്നശേഷം പരിപാടിയുടെ ജോറൊന്നു കൂടിയിട്ടുണ്ട്. കോടികളുടെ കച്ചവടം നടത്താനാണ് ജയിലധകൃതര്‍ ലക്ഷ്യമിടുന്നത്. ഇനിയെന്തായാലും കനിമൊഴി കുമാരി അകത്തായതിന്റെ സങ്കടത്തില്‍ കഴിയുന്നവര്‍ക്ക് കനി സ്പെഷ്യല്‍ ലഡുവൊക്കെ കഴിച്ച് പച്ചവെള്ളം കുടിച്ച് കിടക്കാം

Wednesday, June 8, 2011

പത്രക്കാരന്റെ മഴ


പടച്ചോനെ എന്തൊരു മഴ്യാണ്. ഞമ്മക്ക് കുളിര്‍ന്നിട്ട് വയ്യ. റോഡെല്ലം തോടായ്ക്ക്ണ്. ശരിക്ക് ഒരു തോണി വേണം റോട്ട്മ്മക്കൂടെ പോകാന്‍. തവളകള് ഒച്ചിണ്ടാക്ക്ന്നത്കൊണ്ട് ഞമ്മക്ക് സ്വൈരായിട്ട് ഒരു എക്സ്ക്ളൂസീവ് അടിക്കാന്ള്ള മൂഡ് കിട്ടിണില്ല. കടം പറഞ്ഞ് കട്ടന്‍ കുടിക്ക്ന്ന കോയാലിക്കാന്റെ പീട്യേല് വെള്ളം കയറ്വേന്‍ ചെയ്ത്. അതെനി എന്നായ്ക്കും തൊറക്വ.
ഇതൊക്കെ സഹിക്ക, ഞമ്മളെ തുണി ഒണങ്ങൂലാന്ന്ള്ളതാണ് ഏറ്റും വല്യ കൊയപ്പം. അടീല് ഉട്ക്ക്ന്നത്ന്റെ കാര്യാണ് ഇതില് ഒന്നാന്തരം. മഴവന്നാപ്പിന്നെ എയര്‍ ഹോളൊന്നും കണക്കാക്കാത്തതാണ് നല്ലത്. കിട്യേത് ഇട്വ. ഇങ്ങനെ എടങ്ങേറായിരിക്കുമ്പളാണ് ഞമ്മക്ക് ഒരു പുത്തി തോന്ന്യേത്. ഒരു വിള്യാണ് കാലവസ്ഥേന്റെ മൂപ്പരെട്ത്തേക്ക്. ഓര് പറയ്ന്നത് രണ്ടീസം ജോറ് മഴ്യാന്നാണ്. ഞമ്മള് നേരെ കൊട്ത്ത് ഒന്നാംപേജ്ത്തന്നെ ആരും പൊറത്തെറങ്ങെണ്ട മഴയത്ത് ഒലിച്ച് പോകൂംന്ന് പറഞ്ഞ്റ്റ്. പിറ്റേന്ന് രാവിലെ തൊടങ്ങ്യ വെയിലാണ്. അള്ളള്ളോ. ഇജാതി വെയിലത്ത് ആനന്റെ പള്ളവരെ പൊള്ളപ്പോകും. ഞമ്മളെ നാലായ്ച കെഴ്കാണ്ട്ട്ട ജീന്‍സെട്ത്ത്ട്ട് കെയ്കി. അത് പപ്പടം പോലെ ഒണങ്ങി.
ഇപ്പം വെയിലിന്റെ ചൂടാണ് സഹിക്കാന്‍ പറ്റാത്തത്. ഞമ്മള് അടീലിട്ന്നത് ആറെണ്ണം ഒണക്കി വച്ച്ക്ക്ന്ന്. പോരാത്തേന് ഞമ്മളെ എ.സിന്റെ നട്ട് ത്തിരി ലൂസാണേ പഴയ തണ്പ്പില്ല ഏത്. എല്ലത്തിനും തന്നെ ഒറ്റമൂലിണ്ട്. കേരളത്തിലെ മഴ അറബിക്കടലില് പണ്ടാരടങ്ങീന്നും ഇനി വെയിലായിരിക്കുമെന്ന് ഞമ്മള് വാര്‍ത്തകൊട്ക്കാന്‍ പോക്വാണ്. നാളെ വെള്ക്കുമ്പളത്തേക്കും ങള് കണ്ടോ എന്താകുംന്ന്!