Pages

Tuesday, June 16, 2015

കാലിയയെ മറക്കാമോ


കാര്‍ഗില്‍ യുദ്ധം ഇന്ത്യയ്ക്കു കരുതിവച്ച കറുത്ത ഓര്‍മയാണ് ക്യാപ്റ്റന്‍ സൗരഭ് കാലിയ. അരിശംകൊണ്ട് പല്ലിറുമ്മിയും സങ്കടംകൊണ്ടു വിങ്ങിയും മാത്രമേ ഇന്ത്യക്കാര്‍ക്കു കാലിയയെ ഓര്‍ക്കാന്‍ കഴിയൂ. കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് തടവിലായ കാലിയയെയും അഞ്ചു സൈനികരെയും 22 ദിവസത്തെ കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. രാജ്യം കാര്‍ഗില്‍ വിജയത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോഴും മനുഷ്യത്വം തീണ്ടാത്ത കാട്ടാളന്‍മാര്‍ക്കെതിരായ നടപടിക്കുവേണ്ടി സൗരഭ് കാലിയയുടെ പിതാവ് എന്‍.കെ. കാലിയ ദുഖമൊഴുകുന്ന ഹൃദയവുമായി അലയുകയാണ്. ഈ വര്‍ഷങ്ങളത്രയും നീതിക്കുവേണ്ടി പല വാതിലുകള്‍ മുട്ടിക്കൊണ്ടേയിരുന്നെങ്കിലും ഈ വയോധികന് പ്രതീക്ഷയ്ക്കു വക കുറവാണ്. സുപ്രീം കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കാലിയയുടെ കൊലപാതകം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്നത്. യുദ്ധത്തിന്റെ ആരംഭം കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍, 1999 മേയ് 15ന് ആണ് 4 ജാട്ട് റജിമെന്റിലെ ക്യാപ്റ്റന്‍ സൗരഭ് കാലിയയും ശിപായിമാരായ അര്‍ജുന്‍ റാം, ബന്‍വര്‍ലാല്‍ ബഗാരിയ, ഭീഗ റാം, മൂല റാം, നരേഷ് സിങ് എന്നിവരും കക്‌സറിലെ ബജ്‌റംഗ് പോസ്റ്റില്‍ പട്രോളിനിറങ്ങിയത്. അവിടെവച്ച് പാക്കിസ്ഥാന്‍ സേനയുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. ഏറെനേരത്തെ പോരാട്ടത്തിനുശേഷം വെടിക്കോപ്പുകള്‍ തീര്‍ന്ന ഇവരെ പാക് സേന വളഞ്ഞ് തടവുകാരായി പിടിച്ചു. ഇന്നുവരെ ്പാക്കിസ്ഥാന്‍ ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും അന്ന് പാക് റേഡിയോ സ്‌കര്‍ദു കാലിയയെ പിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിടിക്കപ്പെടുമ്പോള്‍ 23 വയസ് തികഞ്ഞില്ലായിരുന്നു സൗരഭ് കാലിയയ്ക്ക്. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച കാലിയ പഠിക്കാന്‍ മിടുക്കനായിരുന്നു. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയെഴുതിയാണ് സേനയിലെത്തിയത്. ആദ്യ പോസ്റ്റിങ് ആയിരുന്നു 4 ജാട്ട് റജിമെന്റ്. ജൂണ്‍ ഏഴുവരെ പാക് തടവിലായിരുന്ന കാലിയയുടെയും സംഘത്തിന്റെയും വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ജൂണ്‍ ഒന്‍പതിന് പാക് സേന ഇന്ത്യയ്ക്കു കൈമാറി. മൃതദേഹങ്ങളില്‍ സിഗരറ്റുകൊണ്ടു പൊള്ളിച്ച അടയാളങ്ങളുണ്ടായിരുന്നു. പൊള്ളുന്ന ലോഹ ദണ്ഡുകള്‍കൊണ്ട് കാതുകള്‍ തുളച്ചിരുന്നു. കണ്ണുകള്‍ തകര്‍ത്ത് എടുത്തുമാറ്റിയിരുന്നു. ഭൂരിഭാഗം പല്ലുകളും തലയോട്ടിയും തകര്‍ത്ത് മൂക്കും ചെവിയും അരിഞ്ഞുമാറ്റി. കൈകാലുകളും സ്വകാര്യഅവയവങ്ങളും ഛേദിച്ച നിലയില്‍.. പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരത.. പരുക്കുകളെല്ലാം മരണത്തിനു മുന്‍പേ സംഭവിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇനിയും സമ്മതിക്കാതെ പാക്കിസ്ഥാന്‍ 1999 ജൂണ്‍ 15ന് പാക് ഡപ്യൂട്ടി കമ്മിഷണറെ വിളിപ്പിച്ച് സൈനികര്‍ക്കെതിരായ ക്രൂരത ജനീവ കരാറിന്റെ ലംഘനമാണെന്ന് ഇന്ത്യ അറിയിച്ചു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് പാക് വിദേശകാര്യമന്ത്രിയോട് വിഷയം ഉന്നയിച്ചെങ്കിലും പാക്കിസ്ഥാന്‍ പങ്ക് നിഷേധിച്ചു. 2012 ഡിസംബറില്‍ അപ്പോഴത്തെ പാക് വിദേശകാര്യമന്ത്രി പ്രതികരിച്ചത് മോശം കാലാവസ്ഥമൂലമാണ് സൗരഭ് കാലിയ മരിച്ചതെന്നാണ്. ഇതിനിടെ കാലിയയെയും സംഘത്തെയും വധിച്ച സംഘത്തിലെ ഒരു പാക് സൈനികന്‍ താനാണ് കാലിയയെ വധിച്ചതെന്ന് വെളിപ്പെടുത്തുകയുമുണ്ടായി. പിതാവിന്റെ പോരാട്ടം തന്റെ മകനു നേരെ നടന്നത് പൊറുക്കാനാകാത്ത യുദ്ധകുറ്റമാണെന്നും കാരണക്കാര്‍ക്ക് തക്കശിക്ഷ വാങ്ങക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് സൗരഭ് കാലിയയുടെ പിതാവ് എന്‍.കെ. കാലിയ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷം 16 ആയി. ഭരണാധികാരികള്‍ക്കു പുറമെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ സംഘടനകളെ സഹായത്തിനായി ഇദ്ദേഹം സമീപിച്ചു. ഈ ദുരന്തം സംഭവിച്ചത് ഒരു അമേരിക്കന്‍ സൈനികനോ ഇസ്രയേലി സൈനികനോ ആയിരുന്നങ്കെല്‍ ലോകത്തിന്റെ ഏതു കോണില്‍ ചെന്നും കുറ്റക്കാരെ അവര്‍ ശിക്ഷിച്ചേനെ- മനം മടുത്ത് എന്‍.കെ. കാലിയ വിലപിക്കുന്നു. സര്‍ക്കാരുകള്‍ക്കു മൗനം വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ രാജ്യാന്തരമായി ഉന്നയിക്കാന്‍ സിംല കരാര്‍ അനുവദിക്കുന്നില്ലെന്നതായിരുന്നു ന്യായം. അന്ന് ഇതിനെ ശക്തമായി അപലപിച്ച പ്രതിപക്ഷം ഭരണത്തിലെത്തിയാല്‍ സ്ഥിതി മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും തെറ്റി. മുന്‍ സൈനിക മേധാവി കൂടിയായ ഇപ്പോഴത്തെ വിദേശകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്, പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കുന്നത് പ്രായോഗികമല്ലെന്നാണ്. ഏതായാലും സുപ്രീം കോടതിയുടെ അനുമതി അനുസരിച്ച് വിഷയം ഉന്നയിക്കാമെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചത്. പ്രതീക്ഷയ്ക്കു വകയില്ല കാലിയ പ്രശ്‌നം ഇനി രാജ്യാന്തര കോടതിയില്‍ ഉന്നയിക്കപ്പെടാനും നീതി ലഭിക്കാനും സാധ്യത കുറവാണെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യാന്തര കോടതിയില്‍ ഈ വിഷയമെത്തിയാല്‍ കശ്മീരിലെയും നിയന്ത്രണ രേഖയിലെയും മനുഷ്യാവകാശ വിഷയങ്ങളെല്ലാം ഉന്നയിക്കപ്പെടാനും സാധ്യതയുണ്ട്. കാര്‍ഗില്‍ യുദ്ധാനന്തരം പാക് നേവല്‍ എയര്‍ക്രാഫ്റ്റ് അറ്റ്‌ലാന്റിക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഗുജറാത്തിലെ കച്ചിനടുത്ത് വെടിവെച്ചിട്ടത് പാക്കിസ്ഥാന്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചതാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ രാജ്യാന്തര കോടതിക്കുള്ള പരിമിതി ചൂണ്ടിക്കാട്ടി ഇന്ത്യ അന്നു കേസ് ഒഴിവാക്കുകയായിരുന്നു. അനാവശ്യ പ്രതീക്ഷകള്‍ നല്‍കി കാലിയ വിഷയം രാഷ് ട്രീയക്കാര്‍ അവരുടെ സൗകര്യത്തിനുപയോഗിക്കുകയാണെന്നാണ് ഒരു നയതന്ത്ര വിദഗ്ധന്‍ പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ കാക്കാന്‍ ഇറങ്ങിത്തിരിച്ച്, കാടന്‍മാര്‍പോലും ചെയ്യാനറയ്ക്കുന്ന ക്രൂരതയ്ക്കിരയായി ജീവന്‍ വെടിഞ്ഞവരുടെ കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും..