എയര്‍ടെലും എയര്‍ടെല്‍ ഗേളും കുതിക്കുന്നു
തൊട്ടയല്‍പക്കത്തെ അപ്പാപ്പനെ ചിലപ്പോള്‍ പട്ടാപ്പകല്‍ വഴിവക്കത്തു കണ്ടാല്‍പോലും തിരിച്ചറിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഏതു നട്ടപ്പാതിരയ്ക്കു എണീപ്പിച്ചിരുത്തി ചോദിച്ചാലും ആര്‍ക്കും ഈ വെളുത്തുമെലിഞ്ഞൊരു സുന്ദരിയെ പിടികിട്ടും. ആ മുഖമൊന്നു മിന്നിയാല്‍ മതി അപ്പോള്‍ ചുണ്ടു പറയും എയര്‍ടെല്‍ 4ജി.അതാണ്, അത്രയ്ക്കാണ് പ്രഭാവം, എയര്‍ടെലിനും അവരുടെ 4 ജി പരസ്യത്തിനും. ഇതുശരിവയ്ക്കുന്നതാണ് ടിവി പരസ്യ സൂചികയിലെ എയര്‍ടെല്‍ 4 ജിയുടെ അപ്രമാദിത്തം. തുടര്‍ച്ചയായി രണ്ടാം മാസവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പരസ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇവര്‍. ആഡ് റീച്ച് ഇന്‍ഡക്‌സിലും ആഡ് ഡയഗ്നോസ് ഇന്‍ഡക്‌സിലും എയര്‍ടെല്‍ 4 ജി തന്നെ മുന്നില്‍.
ടെലിവിഷന്‍ പരസ്യങ്ങളുടെ സര്‍വേ നടത്തുന്ന മിന്‌റ്-ഇപ്‌സോസ് ടിവിആഡ്ഇന്‍ഡെക്‌സ് സര്‍വേയിലാണ് ഏപ്രില്‍മാസവും എയര്‍ടെലിന് മേല്‍ക്കോയ്മ. എയര്‍ടെല്‍ ഗേള്‍ സാഷ ഛേത്രി കോയമ്പത്തൂരിനടുത്തുള്ള എട്ടിമടൈ കാട്ടിലൂടെ കാളവണ്ടിയില്‍ യാത്രചെയ്യുന്ന പരസ്യമായിരുന്നു ഏപ്രിലില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ടത്. മാര്‍ച്ചില്‍ ഷിംലയ്ക്കടുത്തുള്ള മഷേബ്രയിലെ മഞ്ഞുമലയില്‍നിന്ന് ഫോണില്‍ ക്രിക്കറ്റ് കാണുന്ന എയര്‍ടെല്‍ പരസ്യമായിരുന്നു മുന്നില്‍.
എയര്‍പോര്‍ട്ടില്‍ പ്രായമായ അമ്മയ്ക്കു വിഡിയോ കോളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4 ജി ഏപ്രിലില്‍ രണ്ടാം സ്ഥാനത്തെത്തി. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരങ്ങള്‍ അണിനിരന്ന ബ്രിട്ടാനിയ ഗുഡ് ഡേ ബിസ്‌കറ്റ് പരസ്യമാണ് സ്വാധീനം ചെലുത്തിയവയില്‍ മൂന്നാംസ്ഥാനത്ത്.
വെറുപ്പിക്കുന്ന 4 ജി ഗേള്‍
എപ്പോഴും ടിവിയില്‍വന്നു സൈ്വരക്കേടുണ്ടാക്കുന്നതിന് സോഷ്യല്‍മീഡിയ ഏറ്റവുമധികം ട്രോളിയ കഥാപാത്രമാകും എയര്‍ടെല്‍ 4 ജിയുടെ പോസ്റ്റര്‍ ഗേളായ സാഷ ഛേത്രി. കളിയാക്കിയും എതിര്‍ത്തുമുള്ള ട്രോളുകളെല്ലാം സാഷയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്നു മാത്രം. 2015 ഓഗസ്റ്റ് മുതല്‍ സാഷ ടിവിയില്‍ വരാന്‍ തുടങ്ങിയതാണ്. 4 ജി ക്യാംപെയ്ന്‍ പാരമ്യത്തിലെത്തിയപ്പോള്‍ രണ്ടു മാസത്തിനിടെ 54,506 തവണ നമ്മള്‍ ഈ സുന്ദരിയുടെ വായ്‌നോക്കിയിരുന്നു, എന്നുവച്ചാല്‍ 475 മണിക്കൂര്‍, 20 ദിവസം!.
പത്തൊന്‍പതുകാരിയായ സാഷയുടെ സ്വദേശം ഡെറാഡൂണ്‍ ആണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പതിനാറാം വയസ്സില്‍ മുംബയിലെത്തിയതാണ്. സേവ്യേര്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മുംബൈയില്‍നിന്ന് അഡ്വര്‍ടൈസിങ്ങില്‍ ബിരുദം നേടി. ഒരു കമ്പനിയില്‍ കോപ്പിറൈറ്റര്‍ ട്രെയിനിയായിരിക്കുമ്പോഴാണ് ഭാഗ്യം എയര്‍ടെലിന്റെ രൂപത്തില്‍ തേടിയെത്തുന്നത്.
സംഗീതത്തിലും കമ്പമുള്ള സാഷ, റിക്ഷാറാണി എന്നപേരിലും അറിയപ്പെടുന്നുണ്ട്. അടുത്തു പുറത്തിറങ്ങുന്ന മിനി ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. സാഷയുടെ മനോഹരമായ കാര്‍കൂന്തല്‍ ഓഡിഷനുവേണ്ടിയാണ് മുറിച്ചുമാറ്റിയത്. മോഡല്‍ ആകണമെന്ന അഭിലാഷം ആദ്യമേ ഉണ്ടായിരുന്നു. ഒട്ടേറെ ഏജന്‍സികളില്‍ പേരും നല്‍കിയിരുന്നു. എയര്‍ടെലില്‍ എത്തിയതും ഏജന്‍സി വഴി തന്നെ. കട്ടി ബട്ടിയെന്ന ചിത്രത്തില്‍ സംഗീതജ്ഞയുടെ ചെറിയ റോളും സാഷ ചെയ്തു കഴിഞ്ഞു.