Pages

Sunday, April 3, 2011

ധോണിയുടെ മികവില്‍ ഇന്ത്യയ്ക്ക് ചരിത്ര നിയോഗം


നമ്മുടെ കുഞ്ഞോമനകള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ സാധാരണ കറുത്തൊരു പുള്ളികുത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇവര്‍ക്ക് കണ്ണുകൊള്ളാതിരിക്കണമെങ്കില്‍ ഒരാനയോളംപോന്ന കരിങ്കല്ലെങ്കിലും വേണ്ടിവരും. മികവിന്റെ എക്സ്ട്രീമിലാണ് ടീം. ധോണിയുടെ നീലക്കുപ്പായക്കാര്‍ ശനിയാഴ്ച നേടിയത് അയര്‍ലന്‍ഡിനോടോ ഹോളണ്ടിനോടോ നേടിയപോലത്തെ ഒരു ജയമായിരുന്നെങ്കില്‍ ഇങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നാല്‍ ലോകകപ്പുപോലൊരു ടൂര്‍ണമെന്‍്റ് ജയിക്കേണ്ടരീതിയില്‍ തന്നെയാണ് ഇന്ത്യ ജയിച്ചുകാണിച്ചത്.
275 എന്ന വിജയലക്ഷ്യം ഒരിക്കലും മുംബയിലെ ഡേ നൈറ്റ് മാച്ചില്‍ എളുപ്പമല്ല. സെവാഗിന്റെ വെടിക്കെട്ടിലായിരുന്നു പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 'സ്ളിംഗ' മലിംഗ രണ്ടാമത്തെ പന്തില്‍ തന്നെ പണിപറ്റിച്ചു. സച്ചിന്‍കൂടി മലിംഗയ്ക്ക് കീഴടങ്ങിയതോടെ വാങ്കഡെ നിശ്ചലമായി. എന്തും സംഭവിക്കാമെന്ന അവസ്ഥ ഒരു വിക്കറ്റുകൂടി വീണാല്‍ സമ്മര്‍ദ്ദം പാരമ്യതയിലെത്തും. എന്നാല്‍ കീഴടങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. വിരാട് കോഹ്ലിയുമൊത്ത് ഗൌതം ഗംഭീര്‍ ഗംഭീരമായി തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്ടന്റെ കളി ഫൈനലിലേക്ക് മാറ്റിവച്ച ധോണിയ്ക്കായിരുന്നു അടുത്ത ഊഴം. കുലശേഖരയെറിഞ്ഞ 49ാം ഓവറിലെ രണ്ടാമത്തെ പന്ത് ധോണിയുടെ ബാറ്റില്‍ നിന്ന് സ്ട്രെയിറ്റ് സിക്സിനു പറക്കുമ്പോള്‍ 121 കോടിയുടെ പ്രാര്‍ത്ഥനകളാണ് സഫലീകരിച്ചത്. സിംഗിളിടുത്തും ജയിക്കാം, ഫോറടിച്ചും ജയിക്കാം. ധോണിയുടെ സിക്സര്‍ ഇന്ത്യന്‍ ടീമിന്റെ ഫോമിന് അടിവരയിടുത്ത വിജയ ചിഹ്നമായി. ജയത്തോടെ ഇന്ത്യ ഏകദിനത്തിലും ഒന്നാമതെത്തി. എല്ലാംകൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ടീമിന് ഇനി കണ്ണേറുപറ്റാതെ ഇതു നിലനിര്‍ത്തുകയാണ് വിഷമം പിടിച്ച പണി.
ചരിത്രത്തിലെ പലമാറ്റങ്ങളും കൃത്യമായി എവിടെനിന്ന് എങ്ങനെയെന്ന് പറയാന്‍ പലപ്പോഴും ഗവേഷകര്‍ക്ക് കഴിയാറില്ല. ആധുനിക ക്രിക്കറ്റിന്റെ ചരിത്രമെഴുത്തുകാര്‍ക്ക് പക്ഷേ പണി അത്ര ബുദ്ധിമുട്ടുണ്ടാക്കില്ല. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ക്രിക്കറ്റ് കീഴടക്കിവച്ചിരുന്ന ആസ്ട്രേലിയന്‍ മേധാവിത്വം 2007ലെ ലോകകപ്പ് വിജയത്തിനുശേഷം മങ്ങിയിരുന്നു. അവര്‍ക്ക് ആഷസുകള്‍ നഷ്ടപ്പെട്ടു. ട്വന്റി-20യില്‍ ഇതുവരെ കിരീടം ചൂടാനായില്ല. ഏകദിന പരമ്പരകളില്‍ പരാജയം എന്നിങ്ങനെ ദൌര്‍ബല്യം പുറത്തുവന്നുകൊണ്ടിരുന്നു. അപ്പോഴും ലോകകപ്പ് അവരുടെ കീശയിലായിരുന്നു. ഇത്തവണ അവര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു.
മറുവശത്ത് ഇന്ത്യ കടമ്പകള്‍ ഓരോന്നായി കടന്ന് സിംഹാസനത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പ്, വിദേശത്തെ ടെസ്റ്റ് വിജയങ്ങള്‍, ടെസ്റ്റിലെ ഒന്നാംനമ്പര്‍ പദവി എന്നിവ നേടിയ ഇന്ത്യ ലോകകപ്പ് കൂടി കരസ്ഥമാക്കിയതോടെ പുതിയ ലോകരാജാക്കന്‍മാര്‍ ആര് എന്നതിന് കൃത്യമായ ഉത്തരം ലഭിക്കുകയായി. 1983ലെ പോലെ അപ്രതീക്ഷിത വിജയമായിരുന്നില്ല ഇത്, ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകള്‍.
കൃത്യമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ആകെത്തുകയാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ്. ക്യാപ്ടന്‍ ധോണിയും കോച്ച് ഗാരി കേഴ്സ്റ്റണും 2008 മുതല്‍ ചിന്തിച്ചുകൂട്ടിയതിന്റെ ഫലമെന്നുവേണമെങ്കില്‍ പറയാം. എങ്കിലും ടീമിനെ ഈ നിലയിലെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിയ്ക്ക് നല്‍കാനാകില്ല. കോഴവിവാദത്തില്‍പെട്ട് നാണക്കേടിലായിരുന്ന ഇന്ത്യന്‍ ടീമിന് പുതിയ ദിശാബോധം സൃഷ്ടിച്ചെടുത്ത സൌരവ് ഗാംഗുലിയെന്ന ക്യാപ്ടനെ നാം മറന്നുകൂടാ. ക്രിക്കറ്റെന്നാല്‍ ജെന്റില്‍മാന്‍സ് ഗെയിം എന്ന് ഗമ പറഞ്ഞു നടന്നവരുടെ നെറ്റി ചുളിപ്പിച്ച ദാദ പുതിയൊരു ഇന്ത്യയെ യംഗ് ഇന്ത്യയെ വാര്‍ത്തെടുത്തു. പോരാടാന്‍ വെമ്പുന്ന വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്തവരുടെ കൂട്ടമായി അവര്‍ വളര്‍ന്നുവന്നു. കഴിവുള്ളവരെ ദാദ വളര്‍ത്തിയെടുത്തതിന്റെ ഗുണമാണ് ഹര്‍ഭജനിലൂടെയും സഹീറിലൂടെയും യുവ്രാജിലൂടെയും എന്തിന് സെവാഗില്‍ പോലും കാണാന്‍ കഴിയുന്നത്. തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുമ്പോലെയാണ് ഗാംഗുലി പിന്തുണ നല്‍കി ഇവരെ വളര്‍ത്തിയെടുത്തത്. യുവ്രാജ് സിംഗ് കിരീടനേട്ടത്തിനിടെയും ഇത് മറന്നില്ലെന്നത് ശ്രദ്ധേയമാണ്. അന്ന് ദാദയ്ക്ക് ഫൈനലില്‍ കാലിടറിയെങ്കിലും തലയുയര്‍ത്തിതന്നെയാണ് തിരിച്ചുപോന്നത്. ഗാംഗുലി തീര്‍ത്ത ഈ അടിത്തറയാണ് ധോണിയ്ക്ക് കൊട്ടാരം പണിയാന്‍ തുണയായത്.
ഇനി ഐ.പി.എല്‍ സീസണ്‍ തുടങ്ങുകയായി. എല്ലാവരും ഒന്നു വിശ്രമിക്കുക പോലും ചെയ്യാതെ ഐ.പി.എല്ലിനായി ഇറങ്ങും. കിരീട നേട്ടം ധോണിയുടെയും സംഘത്തിന്റെയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏകദിനത്തിലെയും ടെസ്റ്റിലെയും ഒന്നാം നമ്പര്‍ ടീമെന്ന പദവി കാത്തുസൂക്ഷിക്കാന്‍ ഈ ഫോം തുടരേണ്ടിയിരിക്കുന്നു.


ഭാഗ്യ ശ്രീമാന്‍

ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന ആദ്യമലയാളിയായ ശ്രീശാന്തിന് പക്ഷേ ആസൌഭാഗ്യം മുതലാക്കാനായില്ല. 8 ഓവറില്‍ വഴങ്ങിയത് 52 റണ്‍സാണ്. രണ്ടു മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും വാലറ്റക്കാരന്റെപോലും വിക്കറ്റെടുക്കാനായില്ല. ഒറ്റക്യാച്ചുപോലും ചെയ്യാനും അവസരം ലഭിച്ചില്ല. എന്തായാലും ശ്രീശാന്ത് എന്നാല്‍ ഭാഗ്യമാണെന്ന് പറയുന്നവര്‍ കുറവല്ല.
ഭാഗ്യദേവതയുടെ വിളയാട്ടംതന്നെ ശ്രീശാന്തിന്റെ കാര്യത്തില്‍ കാണാന്‍ കഴിയും. പ്രവീണിനു പരിക്കുപറ്റിയതിനാലാണ് ശ്രീ ടീമിലെത്തിയതുതന്നെ. നെഹ്റയുടെ പരിക്ക് കാരണം ആദ്യമത്സരത്തിലും ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ചു. ശ്രീകളിച്ച രണ്ടാമത്തെ ലോകകപ്പിലും കിരീടം ഇന്ത്യയ്ക്ക്. ശ്രീശാന്ത് ടീമിലുണ്ടോ കിരീടം ഇന്ത്യയ്ക്ക്!

1 comment:

Rejeesh Sanathanan said...

പ്രവീണിനു പരിക്കുപറ്റിയതിനാലാണ് ശ്രീ ടീമിലെത്തിയതുതന്നെ. നെഹ്റയുടെ പരിക്ക് കാരണം ആദ്യമത്സരത്തിലും ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ചു.

ശ്രീശാന്തിന് ചാത്തന്‍സേവ ഉണ്ടെന്ന് തോന്നുന്നു.......:)