Pages

Monday, September 20, 2010

എല്‍സമ്മയ്ക്ക് എട്ട് മാര്‍ക്ക്






വന്‍ പ്രചരണവുമായെത്തിയ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി നിരാശപ്പെടുത്തിയില്ല. സത്യന്‍ അന്തിക്കാടിനുമാത്രമല്ല ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെടുക്കാനറിയുകയെന്ന് ലാല്‍ജോസ് കാണിച്ചു തരുന്നു. പുതുമനായിക ആന്‍ അഗസ്റ്റിന്‍ അതി സുന്ദരി തന്നെ. എന്നാല്‍ മീരാജാസ്മിനില്‍ കാവ്യാമാധവനു പിറന്നവള്‍ എന്നുതോന്നിക്കുന്ന ആനിന്റെ അഭിനയത്തിന് അവരെ കുറ്റപ്പെടുത്താനാവുമോ. ഒരു പക്ഷേ മേല്‍ പറഞ്ഞ രണ്ടുനായികമാര്‍ക്കും കാണികളിലുള്ള സ്വാധീനം കൊണ്ടാകാമത്. ഗൌരവമുള്ള സന്ദര്‍ഭങ്ങളില്‍ ആന്‍ വല്ലാതെ പാളിപ്പോയി. അടുത്തകാലത്തൊന്നും മലയാളസിനിമയില്‍ ഇത്ര നായികാ പ്രാധാന്യമുള്ള വേഷം ഉണ്ടായിട്ടില്ല. അത് പൂര്‍ണമായി വിനിയോഗിക്കുന്നതില്‍ പകുതിയേ ഈ കുട്ടിക്ക് ജയിക്കാനായുള്ളു.
കുഞ്ചാക്കോബോബന്‍ എന്ന നടനില്‍ വന്ന പക്വത എടുത്തുപറയത്തക്കതാണ്. ഈ ചോക്കലേറ്റ് കുമാരന് പക്വത വരാന്‍ 40 വയസു വരെ കാത്തിരിക്കേണ്ടിവന്നു. ചോക്കലേറ്റ് തോട് പൊളിച്ച് പുറത്തുവന്ന ചാക്കോച്ചന് അഭിനന്ദനങ്ങള്‍. ജഗതി എന്ന വിസ്മയം തന്റെ രഥയാത്ര തുടരുകയാണ്. സ്ഥിരം മെമ്പര്‍വേഷത്തില്‍ എത്ര മനോഹരമായ ടൈമിംഗോടെയാണ് അദ്ദേഹത്തിന്റെ കോമഡികള്‍. എന്നാല്‍ സുരാജ് വെഞ്ഞാറമൂട് വീണ്ടും കാതുകള്‍ക്ക് ശല്യമായി. രണ്ടോ മൂന്നോ ഷോട്ടിലേ ഉള്ളുവെങ്കിലും പഞ്ചായത്തിലെ പ്യൂണ്‍ അസാദ്ധ്യനര്‍മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു. ആനിന് ഇനി അവസരങ്ങള്‍ വന്നില്ലെങ്കിലും സഹോദരികളായി അരങ്ങിലെത്തിയവരെല്ലാം ഭാവിയുള്ളവരാണ്. ലാല്‍ ജോസിന്റെ ഈ ചിത്രം 50 ദിവസം പിന്നിട്ടില്ലെങ്കില്‍ അദ്ഭുതം.

No comments: