Pages

Monday, April 11, 2011

നിന്റെ കൈയില്‍ കാറുണ്ട് എന്റെ കൈയില്‍ കല്ലും!


കുട്ടിക്കാലം തൊട്ടേ മനുഷ്യന് വെള്ളം കണ്ടാല്‍ വെറുതെയിരിക്കാന്‍ തോന്നില്ല. പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ വഴിയരികില്‍ വെള്ളം കണ്ടാല്‍ തെറിപ്പിക്കാതെ പോകാന്‍ കുസൃതിക്കുട്ടന്‍മാര്‍ക്ക് മനസുവരില്ല. എന്നാല്‍ കുട്ടിക്കാലത്ത് നമ്മള്‍ എന്തെല്ലാം തമാശകളും കുരുത്തക്കേടുകളും ഒപ്പിക്കും അതെല്ലാം വലുതായാലും തുടരുമെന്നു വാശി പിടിച്ചാലോ? വെള്ളം തെറിപ്പിക്കുന്ന കാര്യത്തില്‍ മലയാളികള്‍ നിര്‍ബന്ധബുദ്ധികാണിക്കുന്നുവെന്നുതോന്നും അവന്റെ ചെയ്തികള്‍ കാണുമ്പോള്‍.
മഴയൊന്നു വന്ന് സലാം പറഞ്ഞുപോയാല്‍ മതി നമ്മുടെ റോഡുകള്‍ തോടാകും. ഈ തോട്ടില്‍ വണ്ടിയുടെ ടയര്‍ കഴുകിയെടുക്കുക ചിലവന്‍മാര്‍ക്ക് ഒരു വിനോദമാണ്. അടുത്തുകൂടെ ആളുപോകുന്നോ എന്നൊന്നും അറിയേണ്ട. കൂളിംഗ്ഗ്ളാസിന്റെ സംരക്ഷണയില്‍ ആളറിയില്ലെന്ന ഗര്‍വോടെ അവന്‍ ചളിവെള്ളം കൊണ്ട് കാല്‍നടക്കാരനെ അഭിഷേകം ചെയ്യും. പാവപ്പെട്ടവന്‍ വല്ല കല്യാണത്തിനോ അല്ലെങ്കില്‍ ജോലിക്കുതന്നെയോ പോകുന്നതിനിടെയാകണം സാമദ്രോഹിയുടെ അക്രമം. ഉണങ്ങാത്ത വസ്ത്രം ഇസ്തിരിയിട്ട് ഇടാന്‍ പാകത്തില്‍ ഒരുക്കിയിറങ്ങിയന് ഈ അനുഭവമുണ്ടാകുമ്പോള്‍, താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു ചോദിക്കാന്‍ ആരുണ്ട്. സര്‍ക്കാര്‍ സഹായിച്ച് റോഡില്‍ വീടുകെട്ടാനുള്ള കല്ലുണ്ട്. ഒന്നെടുത്ത് ഗ്ളാസിനെ ലക്ഷ്യമാക്കേണ്ട താമസമേയുള്ള. അവന്‍ അതു ചെയ്യാത്തത് പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളോര്‍ത്താണ്. എന്നുവച്ച് ഇതവന്റെ കഴിവുകേടാണെന്ന് ധരിക്കരുത്.