Friday, May 13, 2011
ഗെയ്ല്‍: ഷാരൂഖിന്റെ നഷ്ടം, മല്യയുടെ നേട്ടം
ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല്‍ എന്ന 31 കാരനെയോര്‍ത്ത് സങ്കടപ്പെടുന്നുണ്ടാകും ബോളിവുഡിലെ കിംഗ് ഖാന്‍ ഇപ്പോള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഗെയ്ലിനെ ഐ.പി.എല്‍ നാലില്‍ ലേലത്തിന്വച്ചപ്പോള്‍ വാങ്ങാനാളില്ലായിരുന്നു. രണ്ടാംവട്ടലേലംകഴിഞ്ഞപ്പോഴും ആര്‍ക്കും വേണ്ട സ്വന്തം ടീമായിരുന്ന കൊല്‍ക്കത്തയ്ക്കുപോലും.
എന്നാല്‍ വിജയ് മല്യയുടെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വൈകിയുദിച്ച ബുദ്ധിയോടെ ഗെയ്ല്‍ അവരുടെ തട്ടകത്തിലെത്തി. പരിക്കേറ്റ ഡിര്‍ക് നാനസിന്റെ പകരക്കാരനായാണ് ഗെയ്ല്‍ ടീമില്‍ ഇടംപിടിച്ചത്. വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഗെയ്ലിന്റെ ഐ.പി.എല്‍ പ്രവേശം. പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം ചലഞ്ചേഴ്സ് ക്യാമ്പിലെത്തിയത്. എന്നാല്‍ ഗെയ്ല്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. രാജ്യമാണോ പണമാണോ വലുതെന്ന ചര്‍ച്ചകള്‍ക്ക്വരെ ഇത് വഴിയൊരുക്കി.
എന്നാല്‍ വിവാദങ്ങളൊന്നും തന്റെ കളിയെ ബാധിച്ചില്ലെന്ന് ഗെയ്ല്‍ ആദ്യമത്സരത്തിലൂടെ തന്നെ തെളിയിച്ചു. വിധിവശാല്‍ ഗെയ്ലിന്റെ ബാറ്റിന്റെ ചൂട് ആദ്യമറിയാനുള്ള അവസരം മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു തന്നെയായിരുന്നു. ബാംഗ്ളൂര്‍ തോല്‍വികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഗെയ്ല്‍ അവതരിച്ചത്. കൊല്‍ക്കത്തയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍തന്നെ സെഞ്ച്വറിയടിച്ചുകൊണ്ട് തന്നെ തഴഞ്ഞവര്‍ക്കെല്ലാം അദ്ദേഹം മറുപടി കൊടുത്തു. 55 പന്തില്‍ 10 ഫോറും 7 സിക്സുമടക്കം 102 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. എന്നിട്ടും അരിശം തീരാതെ ഗെയ്ല്‍ പഞ്ചാബിനെ പഞ്ചറാക്കിവിട്ടു. ഇത്തവണ 49 പന്തില്‍ 107 റണ്‍സായിരുന്നു ആ ബാറ്റില്‍ നിന്ന് പ്രവഹിച്ചത്. 10 ബൌണ്ടറികള്‍ അടിച്ചപ്പോള്‍ സിക്സറുകള്‍ 9 എണ്ണമടിച്ചു.
കൊച്ചി ടസ്കേഴ്സിനെ ശരിക്കും കരയിച്ചുവിടുകയായിരുന്നു ഗെയ്ല്‍. പ്രശാന്ത് പരമേശ്വരന്റെ കാര്യമാണ് ഏറെ കഷ്ടം. പുതുമുഖമായ പ്രശാന്ത് പരമേശ്വരനെ യാതൊരു ദയയും കാട്ടാതെയാണ് ഗെയ്ല്‍ കശാപ്പുചെയ്തത്. ഒരോവറില്‍ 37 റണ്‍സാണ് പ്രശാന്ത് വിട്ടുകൊടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍വിട്ടുകൊടുത്തതിന്റെ മോശം റെക്കാഡ് ഇതോടെ പ്രശാന്തിന്റെ പേരിലായി. 20 പന്തില്‍ 3 ഫോറും 5 സിക്സുമടിച്ച് ഗെയ്ല്‍ നേടിയത് 44 റണ്‍സാണ്.
ഈ ഐ.പി.എല്‍ ഏറ്റവും ആസ്വദിച്ച് കളിക്കുന്നവരില്‍ ഒരാളാണ് ഗെയ്ല്‍. ഓരോ മത്സരത്തിലും അദ്ദേഹത്തെ പുറത്താക്കുന്നത് ബൌളര്‍മാര്‍ക്ക് ബാലികേറാമലയാകുകയാണ്.
1999-ല്‍ ഇന്ത്യക്കെതിരെയാണ് വെസ്റ്റിന്‍ഡീസിനുവേണ്ടി ക്രിസ് ഗെയ്ല്‍ ഏകദിനത്തില്‍ അരങ്ങേറുന്നത്. തൊട്ടടുത്തവര്‍ഷം ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി. 91 ടെസ്റ്റില്‍ നിന്ന് 6373 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. 333 ആണ് ടോപ് സ്കോര്‍ ഐ.പി.എല്ലില്‍ ഗെയ്ലിന്റെ ജഴ്സി നമ്പറും ഇതു തന്നെയാണ്. 228 ഏകദിനങ്ങളില്‍ നിന്നായി 8087 റണ്‍സാണ് ഗെയ്ലിന് നേടാനായത്. 39.06 ആവറേജില്‍ റണ്‍സടിച്ച ഗെയ്ല്‍ 153 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം. 61 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ഇദ്ദേഹം 1867 റണ്‍സെടുത്തിട്ടുണ്ട്. 148 ആണ് സ്ട്രൈക് റൈറ്റ്.
അന്താരാഷ്ട്ര ട്വന്റി-20യില്‍ ആദ്യ സെഞ്ച്വറി നേടിയ ആളും ടോപ് സ്കോററുമാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 117 റണ്‍സ് ഇതുവരെ ആരും മറികടന്നിട്ടില്ല. ട്വന്റി-20യില്‍ ഇന്നിംഗ്സില്‍ ഉടനീളം ബാറ്റുചെയ്ത ആദ്യതാരവുമാണ് ഗെയ്ല്‍.
ഗെയ്ലിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ആ ബാറ്റിന്റെ ചൂടേറ്റ് ആരൊക്കെ കരിഞ്ഞുവീഴുമെന്ന് കണ്ടുതന്നെയറിയാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment