Pages

Monday, April 11, 2011

നിന്റെ കൈയില്‍ കാറുണ്ട് എന്റെ കൈയില്‍ കല്ലും!


കുട്ടിക്കാലം തൊട്ടേ മനുഷ്യന് വെള്ളം കണ്ടാല്‍ വെറുതെയിരിക്കാന്‍ തോന്നില്ല. പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ വഴിയരികില്‍ വെള്ളം കണ്ടാല്‍ തെറിപ്പിക്കാതെ പോകാന്‍ കുസൃതിക്കുട്ടന്‍മാര്‍ക്ക് മനസുവരില്ല. എന്നാല്‍ കുട്ടിക്കാലത്ത് നമ്മള്‍ എന്തെല്ലാം തമാശകളും കുരുത്തക്കേടുകളും ഒപ്പിക്കും അതെല്ലാം വലുതായാലും തുടരുമെന്നു വാശി പിടിച്ചാലോ? വെള്ളം തെറിപ്പിക്കുന്ന കാര്യത്തില്‍ മലയാളികള്‍ നിര്‍ബന്ധബുദ്ധികാണിക്കുന്നുവെന്നുതോന്നും അവന്റെ ചെയ്തികള്‍ കാണുമ്പോള്‍.
മഴയൊന്നു വന്ന് സലാം പറഞ്ഞുപോയാല്‍ മതി നമ്മുടെ റോഡുകള്‍ തോടാകും. ഈ തോട്ടില്‍ വണ്ടിയുടെ ടയര്‍ കഴുകിയെടുക്കുക ചിലവന്‍മാര്‍ക്ക് ഒരു വിനോദമാണ്. അടുത്തുകൂടെ ആളുപോകുന്നോ എന്നൊന്നും അറിയേണ്ട. കൂളിംഗ്ഗ്ളാസിന്റെ സംരക്ഷണയില്‍ ആളറിയില്ലെന്ന ഗര്‍വോടെ അവന്‍ ചളിവെള്ളം കൊണ്ട് കാല്‍നടക്കാരനെ അഭിഷേകം ചെയ്യും. പാവപ്പെട്ടവന്‍ വല്ല കല്യാണത്തിനോ അല്ലെങ്കില്‍ ജോലിക്കുതന്നെയോ പോകുന്നതിനിടെയാകണം സാമദ്രോഹിയുടെ അക്രമം. ഉണങ്ങാത്ത വസ്ത്രം ഇസ്തിരിയിട്ട് ഇടാന്‍ പാകത്തില്‍ ഒരുക്കിയിറങ്ങിയന് ഈ അനുഭവമുണ്ടാകുമ്പോള്‍, താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു ചോദിക്കാന്‍ ആരുണ്ട്. സര്‍ക്കാര്‍ സഹായിച്ച് റോഡില്‍ വീടുകെട്ടാനുള്ള കല്ലുണ്ട്. ഒന്നെടുത്ത് ഗ്ളാസിനെ ലക്ഷ്യമാക്കേണ്ട താമസമേയുള്ള. അവന്‍ അതു ചെയ്യാത്തത് പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളോര്‍ത്താണ്. എന്നുവച്ച് ഇതവന്റെ കഴിവുകേടാണെന്ന് ധരിക്കരുത്.

Sunday, April 3, 2011

ധോണിയുടെ മികവില്‍ ഇന്ത്യയ്ക്ക് ചരിത്ര നിയോഗം


നമ്മുടെ കുഞ്ഞോമനകള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ സാധാരണ കറുത്തൊരു പുള്ളികുത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇവര്‍ക്ക് കണ്ണുകൊള്ളാതിരിക്കണമെങ്കില്‍ ഒരാനയോളംപോന്ന കരിങ്കല്ലെങ്കിലും വേണ്ടിവരും. മികവിന്റെ എക്സ്ട്രീമിലാണ് ടീം. ധോണിയുടെ നീലക്കുപ്പായക്കാര്‍ ശനിയാഴ്ച നേടിയത് അയര്‍ലന്‍ഡിനോടോ ഹോളണ്ടിനോടോ നേടിയപോലത്തെ ഒരു ജയമായിരുന്നെങ്കില്‍ ഇങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നാല്‍ ലോകകപ്പുപോലൊരു ടൂര്‍ണമെന്‍്റ് ജയിക്കേണ്ടരീതിയില്‍ തന്നെയാണ് ഇന്ത്യ ജയിച്ചുകാണിച്ചത്.
275 എന്ന വിജയലക്ഷ്യം ഒരിക്കലും മുംബയിലെ ഡേ നൈറ്റ് മാച്ചില്‍ എളുപ്പമല്ല. സെവാഗിന്റെ വെടിക്കെട്ടിലായിരുന്നു പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 'സ്ളിംഗ' മലിംഗ രണ്ടാമത്തെ പന്തില്‍ തന്നെ പണിപറ്റിച്ചു. സച്ചിന്‍കൂടി മലിംഗയ്ക്ക് കീഴടങ്ങിയതോടെ വാങ്കഡെ നിശ്ചലമായി. എന്തും സംഭവിക്കാമെന്ന അവസ്ഥ ഒരു വിക്കറ്റുകൂടി വീണാല്‍ സമ്മര്‍ദ്ദം പാരമ്യതയിലെത്തും. എന്നാല്‍ കീഴടങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. വിരാട് കോഹ്ലിയുമൊത്ത് ഗൌതം ഗംഭീര്‍ ഗംഭീരമായി തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്ടന്റെ കളി ഫൈനലിലേക്ക് മാറ്റിവച്ച ധോണിയ്ക്കായിരുന്നു അടുത്ത ഊഴം. കുലശേഖരയെറിഞ്ഞ 49ാം ഓവറിലെ രണ്ടാമത്തെ പന്ത് ധോണിയുടെ ബാറ്റില്‍ നിന്ന് സ്ട്രെയിറ്റ് സിക്സിനു പറക്കുമ്പോള്‍ 121 കോടിയുടെ പ്രാര്‍ത്ഥനകളാണ് സഫലീകരിച്ചത്. സിംഗിളിടുത്തും ജയിക്കാം, ഫോറടിച്ചും ജയിക്കാം. ധോണിയുടെ സിക്സര്‍ ഇന്ത്യന്‍ ടീമിന്റെ ഫോമിന് അടിവരയിടുത്ത വിജയ ചിഹ്നമായി. ജയത്തോടെ ഇന്ത്യ ഏകദിനത്തിലും ഒന്നാമതെത്തി. എല്ലാംകൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ടീമിന് ഇനി കണ്ണേറുപറ്റാതെ ഇതു നിലനിര്‍ത്തുകയാണ് വിഷമം പിടിച്ച പണി.
ചരിത്രത്തിലെ പലമാറ്റങ്ങളും കൃത്യമായി എവിടെനിന്ന് എങ്ങനെയെന്ന് പറയാന്‍ പലപ്പോഴും ഗവേഷകര്‍ക്ക് കഴിയാറില്ല. ആധുനിക ക്രിക്കറ്റിന്റെ ചരിത്രമെഴുത്തുകാര്‍ക്ക് പക്ഷേ പണി അത്ര ബുദ്ധിമുട്ടുണ്ടാക്കില്ല. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ക്രിക്കറ്റ് കീഴടക്കിവച്ചിരുന്ന ആസ്ട്രേലിയന്‍ മേധാവിത്വം 2007ലെ ലോകകപ്പ് വിജയത്തിനുശേഷം മങ്ങിയിരുന്നു. അവര്‍ക്ക് ആഷസുകള്‍ നഷ്ടപ്പെട്ടു. ട്വന്റി-20യില്‍ ഇതുവരെ കിരീടം ചൂടാനായില്ല. ഏകദിന പരമ്പരകളില്‍ പരാജയം എന്നിങ്ങനെ ദൌര്‍ബല്യം പുറത്തുവന്നുകൊണ്ടിരുന്നു. അപ്പോഴും ലോകകപ്പ് അവരുടെ കീശയിലായിരുന്നു. ഇത്തവണ അവര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു.
മറുവശത്ത് ഇന്ത്യ കടമ്പകള്‍ ഓരോന്നായി കടന്ന് സിംഹാസനത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പ്, വിദേശത്തെ ടെസ്റ്റ് വിജയങ്ങള്‍, ടെസ്റ്റിലെ ഒന്നാംനമ്പര്‍ പദവി എന്നിവ നേടിയ ഇന്ത്യ ലോകകപ്പ് കൂടി കരസ്ഥമാക്കിയതോടെ പുതിയ ലോകരാജാക്കന്‍മാര്‍ ആര് എന്നതിന് കൃത്യമായ ഉത്തരം ലഭിക്കുകയായി. 1983ലെ പോലെ അപ്രതീക്ഷിത വിജയമായിരുന്നില്ല ഇത്, ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകള്‍.
കൃത്യമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ആകെത്തുകയാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ്. ക്യാപ്ടന്‍ ധോണിയും കോച്ച് ഗാരി കേഴ്സ്റ്റണും 2008 മുതല്‍ ചിന്തിച്ചുകൂട്ടിയതിന്റെ ഫലമെന്നുവേണമെങ്കില്‍ പറയാം. എങ്കിലും ടീമിനെ ഈ നിലയിലെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിയ്ക്ക് നല്‍കാനാകില്ല. കോഴവിവാദത്തില്‍പെട്ട് നാണക്കേടിലായിരുന്ന ഇന്ത്യന്‍ ടീമിന് പുതിയ ദിശാബോധം സൃഷ്ടിച്ചെടുത്ത സൌരവ് ഗാംഗുലിയെന്ന ക്യാപ്ടനെ നാം മറന്നുകൂടാ. ക്രിക്കറ്റെന്നാല്‍ ജെന്റില്‍മാന്‍സ് ഗെയിം എന്ന് ഗമ പറഞ്ഞു നടന്നവരുടെ നെറ്റി ചുളിപ്പിച്ച ദാദ പുതിയൊരു ഇന്ത്യയെ യംഗ് ഇന്ത്യയെ വാര്‍ത്തെടുത്തു. പോരാടാന്‍ വെമ്പുന്ന വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്തവരുടെ കൂട്ടമായി അവര്‍ വളര്‍ന്നുവന്നു. കഴിവുള്ളവരെ ദാദ വളര്‍ത്തിയെടുത്തതിന്റെ ഗുണമാണ് ഹര്‍ഭജനിലൂടെയും സഹീറിലൂടെയും യുവ്രാജിലൂടെയും എന്തിന് സെവാഗില്‍ പോലും കാണാന്‍ കഴിയുന്നത്. തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുമ്പോലെയാണ് ഗാംഗുലി പിന്തുണ നല്‍കി ഇവരെ വളര്‍ത്തിയെടുത്തത്. യുവ്രാജ് സിംഗ് കിരീടനേട്ടത്തിനിടെയും ഇത് മറന്നില്ലെന്നത് ശ്രദ്ധേയമാണ്. അന്ന് ദാദയ്ക്ക് ഫൈനലില്‍ കാലിടറിയെങ്കിലും തലയുയര്‍ത്തിതന്നെയാണ് തിരിച്ചുപോന്നത്. ഗാംഗുലി തീര്‍ത്ത ഈ അടിത്തറയാണ് ധോണിയ്ക്ക് കൊട്ടാരം പണിയാന്‍ തുണയായത്.
ഇനി ഐ.പി.എല്‍ സീസണ്‍ തുടങ്ങുകയായി. എല്ലാവരും ഒന്നു വിശ്രമിക്കുക പോലും ചെയ്യാതെ ഐ.പി.എല്ലിനായി ഇറങ്ങും. കിരീട നേട്ടം ധോണിയുടെയും സംഘത്തിന്റെയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏകദിനത്തിലെയും ടെസ്റ്റിലെയും ഒന്നാം നമ്പര്‍ ടീമെന്ന പദവി കാത്തുസൂക്ഷിക്കാന്‍ ഈ ഫോം തുടരേണ്ടിയിരിക്കുന്നു.


ഭാഗ്യ ശ്രീമാന്‍

ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന ആദ്യമലയാളിയായ ശ്രീശാന്തിന് പക്ഷേ ആസൌഭാഗ്യം മുതലാക്കാനായില്ല. 8 ഓവറില്‍ വഴങ്ങിയത് 52 റണ്‍സാണ്. രണ്ടു മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും വാലറ്റക്കാരന്റെപോലും വിക്കറ്റെടുക്കാനായില്ല. ഒറ്റക്യാച്ചുപോലും ചെയ്യാനും അവസരം ലഭിച്ചില്ല. എന്തായാലും ശ്രീശാന്ത് എന്നാല്‍ ഭാഗ്യമാണെന്ന് പറയുന്നവര്‍ കുറവല്ല.
ഭാഗ്യദേവതയുടെ വിളയാട്ടംതന്നെ ശ്രീശാന്തിന്റെ കാര്യത്തില്‍ കാണാന്‍ കഴിയും. പ്രവീണിനു പരിക്കുപറ്റിയതിനാലാണ് ശ്രീ ടീമിലെത്തിയതുതന്നെ. നെഹ്റയുടെ പരിക്ക് കാരണം ആദ്യമത്സരത്തിലും ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ചു. ശ്രീകളിച്ച രണ്ടാമത്തെ ലോകകപ്പിലും കിരീടം ഇന്ത്യയ്ക്ക്. ശ്രീശാന്ത് ടീമിലുണ്ടോ കിരീടം ഇന്ത്യയ്ക്ക്!

Friday, April 1, 2011

പൂനം ചേച്ചിയ്ക്ക് പിന്നാലെ


ഇന്ത്യയിലെ ഒട്ടുമിക്ക മഹിളാമണികളും ബഹുമിടുക്കികളാണ്, എന്നാല്‍ എത്രയെണ്ണത്തിന് തലയിലെ ചാത്തനെ ആവശ്യത്തിന് ഉപയോഗിക്കാനറിയാം. ഇവിടെയാണ് പൂനം പാണ്ഡെയെന്ന ഇരുപതുകാരി മോഡല്‍ വ്യത്യസ്തയാകുന്നത്. ഒറ്റ പ്രഖ്യാപനത്തിലൂടെയല്ലേ അവള്‍ നെറ്റില്‍ ഏറ്റവും തിരയുന്ന പത്തുപേരില്‍ ഒരാളായത്. പാകിസ്ഥാനെതിരായ സെമിഫൈനലിനു മുന്നെയാണ് ഇന്ത്യ കപ്പുനേടിയാല്‍ താന്‍ തുണിയുരിഞ്ഞ് ഓടുമെന്ന് പറഞ്ഞ് മോഡല്‍ എല്ലാവരെയും ഞെട്ടിച്ചത്. കളി ജയിച്ചപ്പോള്‍ താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അവള്‍ ആവര്‍ത്തിച്ചു. അതോടെ അവള്‍ ആരാധകരുടെ മുത്തായി മാറിയിരിക്കുകയാണ്. പേരു കേട്ടവനും കേള്‍ക്കാത്തവനുമെല്ലാം സെര്‍ച്ചാനായി ഓടിത്തുടങ്ങി. അല്ല ഒരു കാഴ്ചയൊത്താല്‍ പാഴാക്കരുതല്ലോ.
എന്തായാലും മകള് പിറന്നപടിനിന്ന് ആളെ രസിപ്പിക്കുന്നതില്‍ തങ്ങള്‍ക്കൊന്നുമില്ലേന്ന് പറഞ്ഞ് മാതാപിതാക്കള്‍ പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടി അത്രയെളുപ്പമാകില്ലെന്നാണ് മുംബയില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നല്ലൊരു പെങ്കൊച്ച് തുണിയില്ലാതെ നില്‍ക്കുന്നത് കാണാനുള്ള ശക്തിയില്ലാത്തതുകാരണം ശിവസേനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വേറെ കുറെകൂട്ടര്‍ ഈ മഹാമനസ്കയ്ക്കെതിരെ കേസുകൊടുത്തിരിക്കുകയാണ്. എന്തായാലും പൂനത്തിനു കിട്ടിയ പ്രശസ്തിയ്ക്ക് കൈയും കണക്കുമില്ല. കൊച്ചിന്റെ പ്രഖ്യാപനം കേട്ട് ലോക പ്രശസ്ത മൃഗസംരക്ഷണ സംഘടനയായ പെറ്റ മൃഗങ്ങള്‍ക്കുവേണ്ടി അവരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടാമോയെന്ന് ചോദിച്ചിട്ടുണ്ട്.
കാര്യമെന്തായാലും നാളെ ഇന്ത്യ ജയിച്ചാല്‍ ആളുകള്‍ ആദ്യം ചോദിക്കുന്ന ചോദ്യം പൂനം തുണിയഴിച്ചോടിയോ എന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല!

Tuesday, March 29, 2011

കോഴിക്കോടന്‍ ബിരിയാണി


മന്‍സമ്മാര്ടെ ഖല്‍ബ് വയറ്റത്താണ്ന്ന് ചെലോര് പറയല്ണ്ട് എപ്പളും ശര്യല്ലെങ്കിലും ചെലപ്പം അത് സത്യാവും. ങ്ങള് പൈച്ചിട്ട് ഒരു നൂര്‍ത്തില്ലാണ്ട് നിക്കാന്ന് വിജാരിച്ചോളീ, അന്ന് ഹര്‍ത്താലാണ് കൈയില് കാശ്ണ്ടായിറ്റും ഒരു തുള്ളി വെള്ളം കുടിക്യാന്‍ കിട്ടാന്‍ല്യ. അങ്ങനെ നിക്കുമ്പം ആരെങ്കിലും പാക്ക് ഒണക്ക ബിസ്കറ്റ് തന്നാല്‍ അറുപ്പിശ്ക്കനായ ങ്ങള് ഓന്‍ ഒരു കാര്യം ചോയ്ച്ചാല്‍ ചെയ്തു കൊടുക്കൂലേ.
ഞാള് പര്‍ഞ്ഞ് വര്ന്ന കാര്യം വേറെയാണ്. ഞാക്ക് കോയിക്കോട്ടൊക്കെ രൂചീന്റെ എക്സ്ട്രീമ്ന്ന് വച്ചാല്‍ അത് ബിരിയാണിയാണ്. കല്യാണോ പൊരേപ്പാര്‍ക്കലോ നിശ്ചയോ എന്ത് ആഘോഷണ്ടായാലും ഞമ്മള് ബിരിയാണിച്ചെമ്പ് കയറ്റും. കോയിക്കോടന്‍ ബിരിയാണീന്റെ ടേസ്റ്റ് അറിയണമെങ്കില്‍ കേരളത്തിലെ മറ്റ് ബിരിയാണികള് തിന്ന്വോക്കണമെന്ന് ഞമ്മക്ക് പിന്ന്യാണ് പുടികിട്ടിയത്. ഞാള് ധമ്മ് ബിരിയാണ്യാ
ണ് വെക്കുക. അത്ന്ന്ച്ചാല് കോയിക്കഷണൂം ചോറും മറ്റ് എല്ലാ മസാലക്കൂട്ടും കൂടി ബല്യ ചെമ്പിലാക്കി തായത്തും മോള്ളും തീ വെക്കും. മോള്ള് ചെമ്പ് ഒട്ടിച്ച് പശ തേച്ച് വെക്കും. ആ ധമ്മില് നെയ്യൊക്കെ ഉര്കി കോയിന്റെ കാല്മ്മല് പിടിച്ച് മസാലീം ആയിറ്റ് നല്ലോണം കൂടും. മസാലന്റെ മുയിമന്‍ രസൂം കോയിമ്മല് കിട്ടും.
ധമ്മ്ങ്ങനെ പൊളിക്കണം ഞ്ചപ്പാേേ ആ മണം അടിച്ചാല്‍ നമ്പൂരാര് പോലും ഞങ്ങ് എലിടീം ന്ന് പറയും. ങ്ങന്യൊക്കെയാണ് ഞാളെ ബിരിയാണി. ഈ കാര്യം വിചാരിച്ച് ഞാള് തിരോന്തോരത്ത് ഹോട്ടല്ല് കേറ്യാ കോയാ കാര്യം പോക്കാണ്. ഈടെ ഇവര് നെയ്ച്ചോറ് ഒര് ചെമ്പില് വെക്കും. കോയിനെ വേറെ ചെമ്പില്‍ കറ്യാക്കിവെക്കും. ന്ന്റ്റ് മ്മള് ഒരു ബിര്യാണി ങട്ട് പോരട്ടെന്ന് പര്‍ഞ്ഞാ ഓര് രണ്ടുംകൂടി മിക്സാക്കി മുന്നില് വെക്കും. അള്ളോ അത് കയിക്കാന്‍ ബയങ്കര പാടാ കോയാ.. കൈയിലെ കാശും പോവും തൊള്ളീം കേടാകും.

ങ്ങനെ ബേജാറായി നടക്കുമ്പളാ മലബാര്‍ ഹോട്ടല്‍ കോയിക്കോടന്‍ ബിരിയാണീന്ന് ബോഡ് കണ്ടത്. ഹള്ളോ ഞമ്മക്ക് പെര്ത്ത് സന്തോശായി. ഓടിപ്പോയി ഹോട്ടല്ല് കയറി. മോനേ കാര്യം പയേത് തന്നെ. എന്ത് ചെയ്യാനാപ്പാ... ഞാള് ബില്ല് കൊട്ക്കാന്‍ പോയപ്പം പൈസവാങ്ങ്യ ചെക്കനോട് ചോയ്ച്ച് മോനെ ഞ്ഞി കോയ്ക്കോട് കണ്ട്ക്വ? ചെക്കന്‍ മഞ്ഞപ്പല്ലൂം കാട്ടി ഒരിളി ഇളിച്ചു അപ്പം ഓനെ എന്തെക്കെ ചെയ്യണംന്ന് ഒരു തീര്‍ച്ചീം ല്ലാത്തോണ്ട് ഞമ്മള് ബെര്‍തെ വിട്ട്

Saturday, March 26, 2011

കോഴിക്കോടന്‍ ഹല്‍വ


ചെലോര്‍ക്കൊക്കെ ഒരു വിചാരണ്ട് ഈ കോയിക്കോടന്‍ അലുവാന്നെച്ചാല് ഞാളെ കോയിക്കോട്ട് സമ്ര്‍ദ്യായി വളര്ന്ന സാന്നാണ്ന്ന്. എടക്ക് നാട്ട് പോയി വര്മ്പം ഇത്തിര്യെണ്ണം പെറുക്കി ഓര്‍ക്ക് കൊടുത്താല്‍ പോരെന്നൊക്കിള്ള ഭാവാണ്. എന്നാല്‍ കേട്ടോളി ഈ കോയിക്കോടന്‍ അലുവാന്ന് വച്ചാല്‍ ഞാള് പൊരേന്റെ മുറ്റത്ത് കുയ്യ് കുയിച്ച് വിത്തിട്ട് നനച്ചുണ്ടാക്കുന്ന കുണ്ടാമണ്ടിയൊന്നൂല്ല. കോയിക്കോട്ടെ അപ്പക്കൂടുകളില്‍ ആട്ത്തെ എസ്പേട്ട് കുക്കന്‍മാര്ണ്ടാക്കുന്നതാണ് ഈ സാന്നം. ആര് എസ്പേട്ട് കുക്കന്‍മാര് മന്‍സിലായോ, ഇത് തൊട്ടാല് നല്ല പതംണ്ടാവും തൊള്ളേല് വെച്ചാല് വെള്ളം ഊറും അത്രൊക്കേ ഉള്ളൂ. ഇവടെ അലുവാന്ന് പറഞ്ഞ് മുട്ടിക്കണ്ടം പോലത്തെ സാന്നം തിന്ന് ശീലിച്ചോര്‍ക്ക് അത് കാണുമ്പം മൊഞ്ചത്തീനെകണ്ട കാക്കാമാരുടെ ആര്‍ത്തിയാണ്. പറഞ്ഞ് ബര്ന്ന കാര്യം ബേറെ.
ഇങ്ങനെള്ള സല്‍സൊബാവിയായ കോയിക്കോടന്‍ അല്‍വ കൊണ്ടു കൊടുത്താലും ലവന്‍മാരെ മോന്തായത്തില്‍ വെട്ടം വിഗ്ഗൂല. ഇഞ്ചെ പഹയാ അന്‍ക് ഒരു അയിമ്പത് ഉറുപ്പീ കൂടി അതികം കൊടുത്തൂടേന്ന്യോന്നാ ചോയിക്യ. ഓന്യൊക്കെ തക്യാന്‍ തെരണ്ടീന്റെ വാല്‍വേണെണ്ടി പുതിയാപ്പ കടപ്പൊറം വരെ പോണല്ലോച്ച്ട്ടാണ് ഒയിവാക്കിയത്.

Tuesday, March 22, 2011

കൂറ മണ്ണാച്ചനെ പിടിക്യാ? അതോ മറിച്ചോ

ഞാളെ കുളിമുറീന്റെര്യത്ത് ഒരു കൂറയും മണ്ണാച്ചനും കൂടി കൂട്ടംകൂടി ബെടി പറയ്ന്ന കണ്ടപ്പം ഞാമ്പര്‍ഞ്ഞ് നോക്കീനെടാ ദാ കൂറ മണ്ണാച്ചനെ മിണ്ങ്ങ്ണ്. ഇഞ്ചപ്പോ ദ് കേട്ട് അയിറ്റിങ്ങള് ഇങ്ങനെ ന്നെ തുറിച്ച് നോക്ക്വാ.. എന്തോ അറബ്യെറ്റം പറഞ്ഞായിരി. അവറ്റേളെ പറഞ്ഞ് മന്‍സിലാക്കാമ്പെട്ട പാടേ..
ഓര്ക്ക് എന്തും ആവാം.. ചോറിന് ച്വാറ് ന്നും മന്‍സമ്മാരെ അപ്പീന്നും ഒക്കെ വിളിക്കാം. ഞമ്മളൊക്കെ പറമ്പില് വീടിണ്ടാക്കുമ്പോ ഇവര് ഫൂമില് വീട് പണിയുകയാണ് ചെയ്വ. സദ്യേന്റെ കാര്യാ പരമ വിറ്റ്. ഞമ്മളൊക്കെ കല്യാണണ്ട് ച്ചാ ഒരു മൂരീനെ അങ്ങട് അറക്കും. അല്ലെങ്കില് കോയീനെ ശര്യാക്കും. യെവന്‍മാര് പിശ്ക്കന്‍മാര്. വായേന്റെ എലീം വിരിക്കും. ച്ചിരി ചോറ് വെളമ്പീറ്റ് കറികള് തുള്ളി തുള്ളി ഉറ്റിച്ച് ഓടും ഞമ്മള് വായില്‍ ബെക്കുമ്പത്തേക്ക് തീര്‍ന്ന്ണ്ടാവും. പിന്നീം പാഞ്ഞ് വന്ന് സാമ്പാര്‍ന്നറിണ സാന്നം ഒയിക്ക്യും. അത് കയിക്കുന്നോരെ സമ്മയ്ക്കണപ്പാ.. പിന്നീം ബെരും പുളിസേരി രസം മോര് ന്നൊക്കെ പര്‍ഞ്ഞിറ്റ്. ബല്ല കാര്യൂംണ്ടോ ഒരു കോയി ബിരിയാണി കൊടുത്താപ്പോരേ.
എന്തര് പറയാന്‍ ന്ന് പറഞ്ഞാല്‍ ന്താന്നറിയ്വോ ഹോ ഞമ്മളെന്താക്കാനാ പടച്ചോനേ ന്നാ..

ഇവറ്റകള്‍ ഞമ്മളെക്കാണുമ്പൊ എപ്പളും പറയും ഇത് ബല്യ തൊന്തരവായല്ലോന്ന്...

Sunday, January 2, 2011

ഭര്‍ത്താക്കന്‍മാര്‍ പേറെടുക്കാന്‍ പഠിക്കട്ടെ


നിറവയറുമായി നില്‍ക്കുന്ന ഭാര്യയോട് ടാറ്റ പറഞ്ഞ് ഓഫീസിലേക്ക് പോകുന്ന ഭര്‍ത്താവ്, പെട്ടന്ന് ഓഫീസിലേക്ക് ഫോണ്‍ ഭാര്യ ആശുപത്രിയില്‍, അതാ ഭര്‍ത്താവ് ഓപ്പറേഷന്‍ തീയേറ്ററിനു മുമ്പില്‍ സിഗരറ്റും തിന്ന് ഉലാത്തുന്നു, ഹൊ എന്തൊരു സ്പീഡ്, പല പല സിനിമകളിലായി നാം കണ്ടുകൊണ്ടിരിക്കുന്ന സീനാണിത്. ഇനി സിനിമയിലെ നായകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ ഈ സീനിന് സ്കോപ്പില്ല. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഭര്‍ത്താവിന് 10 ദിവസത്തെ ലീവ് അനുവദിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
എന്തായാലും ഭാര്യമാരാകെ സന്തോഷത്തിലാണ്.
ആ ദിവസങ്ങളില്‍ ഭര്‍ത്താക്കന്‍മാരെക്കൊണ്ട് എന്തുജോലിചെയ്യിക്കണമെന്ന് ആലോചിക്കാന്‍ ആള്‍ കേരള ഭാര്യാസ് അസോസിയേഷന്‍ പ്രത്യേക യോഗം ചേര്‍ന്നെന്നാണ് കേട്ടത്.

നിത്യവും വീട്ടില്‍ ചെയ്തുപോരുന്ന അലക്കല്‍, അടിച്ചു വാരല്‍, ചോറുവയ്ക്കല്‍ തുടങ്ങിയ ജോലികളില്‍ നിന്നും ഒരു ചെയ്ഞ്ച് നല്‍കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. ഏതായാലും പ്രസവത്തിന് സഹായിയെ വയ്ക്കുന്ന പരിപാടി ഇനിയില്ലയെന്നാണ് 3 പെറ്റ് നാലാമത്തെതിനു കാത്തിരിക്കുന്ന ഒരു സ്ത്രീ വെളിപ്പെടുത്തിയത്!.