Pages

Saturday, June 11, 2011

പ്രാതലിനെന്താ രാജാ കേക്കോ കനി ജിലേബിയോ


നമ്മുടെ നാടന്‍ ബേക്കറികളിലെ ഫുഡ് കഴിച്ചുമടുത്തോ, വിഷമിക്കണ്ട നിങ്ങളുടെ രസനയുടെ മുകുളങ്ങളെ തഴുകിയുണര്‍ത്താന്‍ വി.ഐ.പി ഫുഡ് ലഭിക്കാന്‍ പോകുന്നു. എന്ത് വി.ഐ.പിയെന്ന് ഓര്‍ത്ത് വിഷമിക്കണ്ട. നമ്മുടെ മുന്‍മന്ത്രിയും എം.പിയുമൊക്കെ താമസിക്കുന്ന തീഹാര്‍ ജയിലില്‍നിന്നാണ് ഫുഡെത്താന്‍ പോകുന്നത്. അതാകുമ്പോള്‍ നല്ല അഴിമതിയുടെ സ്വാദും കോടികളുടെ നറുമണവുമുണ്ടാകുമല്ലോ.
ടി.ജെ സ്പെഷ്യല്‍ പ്രൊഡക്ടുകള്‍ ഇനി മുതല്‍ കേന്ദ്രീയ ഭണ്ഡാര്‍ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. ഇവര്‍ക്ക് ഇത് പുത്തന്‍ ഏര്‍പ്പാടൊന്നുമല്ല. പക്ഷേ, കനിയും രാജയുമൊക്കെ വന്നശേഷം പരിപാടിയുടെ ജോറൊന്നു കൂടിയിട്ടുണ്ട്. കോടികളുടെ കച്ചവടം നടത്താനാണ് ജയിലധകൃതര്‍ ലക്ഷ്യമിടുന്നത്. ഇനിയെന്തായാലും കനിമൊഴി കുമാരി അകത്തായതിന്റെ സങ്കടത്തില്‍ കഴിയുന്നവര്‍ക്ക് കനി സ്പെഷ്യല്‍ ലഡുവൊക്കെ കഴിച്ച് പച്ചവെള്ളം കുടിച്ച് കിടക്കാം

Wednesday, June 8, 2011

പത്രക്കാരന്റെ മഴ


പടച്ചോനെ എന്തൊരു മഴ്യാണ്. ഞമ്മക്ക് കുളിര്‍ന്നിട്ട് വയ്യ. റോഡെല്ലം തോടായ്ക്ക്ണ്. ശരിക്ക് ഒരു തോണി വേണം റോട്ട്മ്മക്കൂടെ പോകാന്‍. തവളകള് ഒച്ചിണ്ടാക്ക്ന്നത്കൊണ്ട് ഞമ്മക്ക് സ്വൈരായിട്ട് ഒരു എക്സ്ക്ളൂസീവ് അടിക്കാന്ള്ള മൂഡ് കിട്ടിണില്ല. കടം പറഞ്ഞ് കട്ടന്‍ കുടിക്ക്ന്ന കോയാലിക്കാന്റെ പീട്യേല് വെള്ളം കയറ്വേന്‍ ചെയ്ത്. അതെനി എന്നായ്ക്കും തൊറക്വ.
ഇതൊക്കെ സഹിക്ക, ഞമ്മളെ തുണി ഒണങ്ങൂലാന്ന്ള്ളതാണ് ഏറ്റും വല്യ കൊയപ്പം. അടീല് ഉട്ക്ക്ന്നത്ന്റെ കാര്യാണ് ഇതില് ഒന്നാന്തരം. മഴവന്നാപ്പിന്നെ എയര്‍ ഹോളൊന്നും കണക്കാക്കാത്തതാണ് നല്ലത്. കിട്യേത് ഇട്വ. ഇങ്ങനെ എടങ്ങേറായിരിക്കുമ്പളാണ് ഞമ്മക്ക് ഒരു പുത്തി തോന്ന്യേത്. ഒരു വിള്യാണ് കാലവസ്ഥേന്റെ മൂപ്പരെട്ത്തേക്ക്. ഓര് പറയ്ന്നത് രണ്ടീസം ജോറ് മഴ്യാന്നാണ്. ഞമ്മള് നേരെ കൊട്ത്ത് ഒന്നാംപേജ്ത്തന്നെ ആരും പൊറത്തെറങ്ങെണ്ട മഴയത്ത് ഒലിച്ച് പോകൂംന്ന് പറഞ്ഞ്റ്റ്. പിറ്റേന്ന് രാവിലെ തൊടങ്ങ്യ വെയിലാണ്. അള്ളള്ളോ. ഇജാതി വെയിലത്ത് ആനന്റെ പള്ളവരെ പൊള്ളപ്പോകും. ഞമ്മളെ നാലായ്ച കെഴ്കാണ്ട്ട്ട ജീന്‍സെട്ത്ത്ട്ട് കെയ്കി. അത് പപ്പടം പോലെ ഒണങ്ങി.
ഇപ്പം വെയിലിന്റെ ചൂടാണ് സഹിക്കാന്‍ പറ്റാത്തത്. ഞമ്മള് അടീലിട്ന്നത് ആറെണ്ണം ഒണക്കി വച്ച്ക്ക്ന്ന്. പോരാത്തേന് ഞമ്മളെ എ.സിന്റെ നട്ട് ത്തിരി ലൂസാണേ പഴയ തണ്പ്പില്ല ഏത്. എല്ലത്തിനും തന്നെ ഒറ്റമൂലിണ്ട്. കേരളത്തിലെ മഴ അറബിക്കടലില് പണ്ടാരടങ്ങീന്നും ഇനി വെയിലായിരിക്കുമെന്ന് ഞമ്മള് വാര്‍ത്തകൊട്ക്കാന്‍ പോക്വാണ്. നാളെ വെള്ക്കുമ്പളത്തേക്കും ങള് കണ്ടോ എന്താകുംന്ന്!

Sunday, May 29, 2011

ഞമ്മക്കും കിട്ടണം സീറ്റ്


യെന്ത് തെരക്കാണപ്പാ... കാല് കുത്താന്‍ എടല്യ. ഞാറായ്ച്യായിറ്റുംകൂടി ഒരു കൊറവൂല്യ. ആള്ങ്ങനെ എരച്ച് കേറ്വല്ലെ, കൊറേണ്ണം സീറ്റില്, പിന്നെകൊറേ നെലത്ത് ചെലേറ്റിങ്ങള് ഡോറിന്റട്ത്തുംണ്ട്. ഇയിന്റെടേക്കൂട്യാണ് ചായ് ചായ് കാപ്പി കാപ്പി എന്ന് വിളിച്ച് വേറീം ആള്‍ക്കാര്. ആരാണപ്പാാ ഓരോ മിനിറ്റിലും ചായകുടിക്കാന്‍ പോണത്. എങ്ങന്യെങ്കിലും ഒരു സീറ്റിന്റെ സൈഡില്‍ ചന്തി വെക്കാന്‍ നോക്കുമ്പളത്തേക്കും ഓന്‍ ചായീ കുണ്ട് വന്ന് എണീപ്പിക്കും. ഹലാക്കിലെ പഹേമ്മാര് തന്നെ.
ചെറ്യ ചെക്കനാ ആറ്ലോ ഏഴിലെറ്റേക്ക്യും ന്നിറ്റെന്താ.. ഇത്തിരി നീങ്ങാന്‍ പര്‍ഞ്ഞാ കേക്കൂല. ലാസ്റ്റ് പറയേണ്ടി വന്നു, മോനേ ഇത് അന്റെ ഉപ്പൂപ്പാന്റെ വകിള്ളതല്ലാന്ന്. എന്തായാലും കാര്യണ്ടായി. ഞമ്മക്ക് ചന്തി ബെക്കാന്‍ കഷ്ടി മൂന്നടി സീറ്റ് കിട്ടി. ഹാവൂ ച്ചിരി ആശ്വാസായി. നി ഒരു ചായ വാങ്ങിക്കുടിക്കാം. ഒരു പയംപൊരീം ആയിക്കോട്ടെ. ആള്ക്കാര് കേര്ന്നേന് ച്ചിരീ കൊറവില്ലട്ടോ, ഇവരൊക്കെ എങ്ങോട്ട് പോണേക്ക്യും?.
അള്ള വര്ന്നത് ഒരു മുത്ക്കനാണല്ലോ, ഇല്ല ഞമ്മള് കണ്ടിറ്റില്ല, ഞമ്മള് ഒറങ്ങ്വല്ലെ, അയാള് സ്ഥലം കിട്ട്വോന്ന് തപ്പ്വാന്തോന്ന്. ഇല്ല മൂപ്പരേ ഞമ്മള് ഒരു പൈസക്ക് വിട്ടുതരൂല്ല. ആ അയാള് നെല്‍ത്തിരിക്കാന്‍ തൊടങ്ങി. അല്ലേലും വയസാന്‍ കാലത്ത് ഒരുത്തീല് അടങ്ങി ഒതുങ്ങി ഇരിക്കണം.
അള്ളോ ഓക്ക് എത്ര പിള്ളറാ.. ചെക്കന്‍ മടീലിരിക്കാന്‍ള്ള പരിപാടീലാണ്. മാണ്ട മോനേ അന്റെ പൂതി നടക്കൂല. ചെക്കനെ തള്ളിട്ടത് ഞമ്മളല്ലട്ടോ. ഓള് ചോയിക്യാ കാക്കാ ത്തിരി നീങ്ങ്വോ ചെറ്യ കുട്ട്യാ കയിമ്മല് ന്ന്. അയിന് ഞമ്മളെന്താക്കണം ഹല്ലേ, ഇതൊക്കെ ഇണ്ടാക്കുമ്പം ആലോയിക്കണേ!

Saturday, May 21, 2011

ഞങ്ങള്‍ സ്ത്രീ സംരക്ഷകര്‍


ലവളെ കണ്ടാലേ അറിയാം വശപ്പിശകാണെന്ന്. ഒരു നിപ്പും ഭാവവും നോക്കണം പ്രിയങ്കാ ചോപ്രയാന്നാ വിചാരം. ഇച്ചിരി തൊലി വെളുപ്പുള്ളേന്റെ ഹൂങ്ക് തന്നെ അല്ലാതെന്താ. മുന്നിലെ കമ്പീമ്മലങ്ങനെ ഒട്ടി നിക്വല്ലെ. അല്ല കണ്ടാല്‍ ഏതാണുങ്ങളും നോക്കിപ്പോകും. ഓരെ കുറ്റം പറയാന്‍ പറ്റില്ല. പറയാണെങ്കില് ആ ചെക്കനും അത്ര മോശൊന്നും അല്ല. ഏതോ വല്യ വീട്ടില്യാന്ന് ഓന്റെ കുപ്പായം കണ്ടാലറിയാം.
ഓളെ ബ്ളൌസിന്റെ കയ്ത്ത് താന്ന് തന്ന് ന്റപ്പോ, ചെക്കന് ചെറ്യേ പൂതി. ഓനൊന്ന് തൊട്ട് നോക്കി. ഓള് തട്ടിക്കാള്ഞ്ഞ്ന്ന്. ഓന്‍ വിട്വോ ഓന്‍ ഓളെ മേലേക്ക് ചായാന്‍ തൊടങ്ങി. ഓള് ചാണത്തിലെറ്റം ചവിട്യമായിരി മാറി മാറി നിന്നു. ഞാള് തൊക്കെ കാണ്ന്ന്ണ്ടേ, ഞാള് മാത്രല്ല എല്ലാരും. ഈ തൊട്ടു തൊട്ടില്ലാക്കളി തുടങ്ങിയിട്ട് കൊറെ നേരം കയിഞ്ഞ്.
ഞമ്മക്ക് ചോയിക്കാന്‍ തോന്നി അല്ല മോളേ ഞ്ഞി ങ്ങനെ എറക്കി വെട്ടീറ്റെല്ലെ ഓന്‍ അന്നെ അല്‍ക്കൊയ്ത്താക്ക്ന്നത്ന്ന്. പിന്നെ വിട്ടേച്ച്. പക്ഷേ ഓന്‍ വിട്ടില്ല. ഓന്റെ കയ്യി പോയി പ്പോയി.... അപ്പളാണ് ഓള് ശീലാബതി ചമഞ്ഞ് ഒച്ചയിടാന്‍ തൊടങ്ങീത്. നോക്കണേ ബാക്കിള്ളോര്‍ക്കും സുയിപ്പ്ണ്ടാക്കാനായിറ്റ്.
ഓന്‍ ഓളെ ഒന്നങ്ങ് കൊട്ത്ത് മോന്തക്ക്വന്നെ. പക്ഷേങ്കില് ഓള് ജഗലായിന്യും ഓള് ഓന്റെ കരണത്തും ഒന്നങ്ങ് പൊകച്ചു. അള്ള ഞമ്മക്ക് ഉഷാറ് വന്ന്. ആരെടാ പെണ്ണൊരുത്തീനെ സൂയിപ്പാക്ക്ന്ന് ഹിമാറേന്ന് പറഞ്ഞ് ഞമ്മള് ഒന്നങ്ങ് കൊട്ത്ത്.
പോരാത്തതിന് പറയേന്‍ ചെയ്ത് പൂശെടാ പിള്ളാരേന്ന്. എന്തായാലും എല്ലാരും കയ്യൂക്ക് നോക്കി. ഓന്റെ പുത്യ ജോക്കീന്റെ വള്ളി ഒടിയ്ന്നത് വരെ ഞമ്മള് ശര്യാക്കി.
പെണ്ണ്ങ്ങളെ തൊട്ട് കള്ച്ചാല്‍ ഇബടെ ചോദിക്കാന്‍ ആള്ണ്ട് മോനേ!

Friday, May 13, 2011

ഗെയ്ല്‍: ഷാരൂഖിന്റെ നഷ്ടം, മല്യയുടെ നേട്ടം


ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല്‍ എന്ന 31 കാരനെയോര്‍ത്ത് സങ്കടപ്പെടുന്നുണ്ടാകും ബോളിവുഡിലെ കിംഗ് ഖാന്‍ ഇപ്പോള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഗെയ്ലിനെ ഐ.പി.എല്‍ നാലില്‍ ലേലത്തിന്വച്ചപ്പോള്‍ വാങ്ങാനാളില്ലായിരുന്നു. രണ്ടാംവട്ടലേലംകഴിഞ്ഞപ്പോഴും ആര്‍ക്കും വേണ്ട സ്വന്തം ടീമായിരുന്ന കൊല്‍ക്കത്തയ്ക്കുപോലും.
എന്നാല്‍ വിജയ് മല്യയുടെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വൈകിയുദിച്ച ബുദ്ധിയോടെ ഗെയ്ല്‍ അവരുടെ തട്ടകത്തിലെത്തി. പരിക്കേറ്റ ഡിര്‍ക് നാനസിന്റെ പകരക്കാരനായാണ് ഗെയ്ല്‍ ടീമില്‍ ഇടംപിടിച്ചത്. വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഗെയ്ലിന്റെ ഐ.പി.എല്‍ പ്രവേശം. പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം ചലഞ്ചേഴ്സ് ക്യാമ്പിലെത്തിയത്. എന്നാല്‍ ഗെയ്ല്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. രാജ്യമാണോ പണമാണോ വലുതെന്ന ചര്‍ച്ചകള്‍ക്ക്വരെ ഇത് വഴിയൊരുക്കി.
എന്നാല്‍ വിവാദങ്ങളൊന്നും തന്റെ കളിയെ ബാധിച്ചില്ലെന്ന് ഗെയ്ല്‍ ആദ്യമത്സരത്തിലൂടെ തന്നെ തെളിയിച്ചു. വിധിവശാല്‍ ഗെയ്ലിന്റെ ബാറ്റിന്റെ ചൂട് ആദ്യമറിയാനുള്ള അവസരം മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു തന്നെയായിരുന്നു. ബാംഗ്ളൂര്‍ തോല്‍വികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഗെയ്ല്‍ അവതരിച്ചത്. കൊല്‍ക്കത്തയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍തന്നെ സെഞ്ച്വറിയടിച്ചുകൊണ്ട് തന്നെ തഴഞ്ഞവര്‍ക്കെല്ലാം അദ്ദേഹം മറുപടി കൊടുത്തു. 55 പന്തില്‍ 10 ഫോറും 7 സിക്സുമടക്കം 102 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. എന്നിട്ടും അരിശം തീരാതെ ഗെയ്ല്‍ പഞ്ചാബിനെ പഞ്ചറാക്കിവിട്ടു. ഇത്തവണ 49 പന്തില്‍ 107 റണ്‍സായിരുന്നു ആ ബാറ്റില്‍ നിന്ന് പ്രവഹിച്ചത്. 10 ബൌണ്ടറികള്‍ അടിച്ചപ്പോള്‍ സിക്സറുകള്‍ 9 എണ്ണമടിച്ചു.
കൊച്ചി ടസ്കേഴ്സിനെ ശരിക്കും കരയിച്ചുവിടുകയായിരുന്നു ഗെയ്ല്‍. പ്രശാന്ത് പരമേശ്വരന്റെ കാര്യമാണ് ഏറെ കഷ്ടം. പുതുമുഖമായ പ്രശാന്ത് പരമേശ്വരനെ യാതൊരു ദയയും കാട്ടാതെയാണ് ഗെയ്ല്‍ കശാപ്പുചെയ്തത്. ഒരോവറില്‍ 37 റണ്‍സാണ് പ്രശാന്ത് വിട്ടുകൊടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍വിട്ടുകൊടുത്തതിന്റെ മോശം റെക്കാഡ് ഇതോടെ പ്രശാന്തിന്റെ പേരിലായി. 20 പന്തില്‍ 3 ഫോറും 5 സിക്സുമടിച്ച് ഗെയ്ല്‍ നേടിയത് 44 റണ്‍സാണ്.
ഈ ഐ.പി.എല്‍ ഏറ്റവും ആസ്വദിച്ച് കളിക്കുന്നവരില്‍ ഒരാളാണ് ഗെയ്ല്‍. ഓരോ മത്സരത്തിലും അദ്ദേഹത്തെ പുറത്താക്കുന്നത് ബൌളര്‍മാര്‍ക്ക് ബാലികേറാമലയാകുകയാണ്.
1999-ല്‍ ഇന്ത്യക്കെതിരെയാണ് വെസ്റ്റിന്‍ഡീസിനുവേണ്ടി ക്രിസ് ഗെയ്ല്‍ ഏകദിനത്തില്‍ അരങ്ങേറുന്നത്. തൊട്ടടുത്തവര്‍ഷം ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി. 91 ടെസ്റ്റില്‍ നിന്ന് 6373 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. 333 ആണ് ടോപ് സ്കോര്‍ ഐ.പി.എല്ലില്‍ ഗെയ്ലിന്റെ ജഴ്സി നമ്പറും ഇതു തന്നെയാണ്. 228 ഏകദിനങ്ങളില്‍ നിന്നായി 8087 റണ്‍സാണ് ഗെയ്ലിന് നേടാനായത്. 39.06 ആവറേജില്‍ റണ്‍സടിച്ച ഗെയ്ല്‍ 153 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം. 61 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ഇദ്ദേഹം 1867 റണ്‍സെടുത്തിട്ടുണ്ട്. 148 ആണ് സ്ട്രൈക് റൈറ്റ്.
അന്താരാഷ്ട്ര ട്വന്റി-20യില്‍ ആദ്യ സെഞ്ച്വറി നേടിയ ആളും ടോപ് സ്കോററുമാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 117 റണ്‍സ് ഇതുവരെ ആരും മറികടന്നിട്ടില്ല. ട്വന്റി-20യില്‍ ഇന്നിംഗ്സില്‍ ഉടനീളം ബാറ്റുചെയ്ത ആദ്യതാരവുമാണ് ഗെയ്ല്‍.
ഗെയ്ലിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ആ ബാറ്റിന്റെ ചൂടേറ്റ് ആരൊക്കെ കരിഞ്ഞുവീഴുമെന്ന് കണ്ടുതന്നെയറിയാം.

Friday, April 29, 2011

എന്തോ സള്‍ഫാന്‍


രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യരുതെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ഭാരതീയരും. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന വിഷയത്തില്‍ നമ്മള്‍ മലയാളികള്‍ രാജ്യതാത്പര്യത്തിനെതിരായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദോഷങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും കേന്ദ്രസര്‍ക്കാറിന് അത് ചെമ്പരത്തിപ്പൂവായിരുന്നു. സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോള്‍ നമ്മുടെ നാടിന്റെ മുഖ്യന്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു.
അവസാനം സമ്മര്‍ദത്തിന് വഴങ്ങി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യയും സമ്മതിച്ചപ്പോള്‍ അത് കേരളത്തിന്റെയും നമ്മള്‍ ഓരോ മലയാളികളുടെയും വിജയമായി. എന്‍ഡോസള്‍ഫാനെതിരെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നത് ഗുണകരമായി.
എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു സാമൂഹ്യവിഷയത്തോട് ദേശീയ മാദ്ധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് അത്യന്തം നിരാശാ ജനകമാണ്. ഐ.പി.എല്‍ മത്സരങ്ങളില്‍പോലും ചര്‍ച്ച നടത്തുന്നവര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം കണ്ടില്ലെന്ന് നടിച്ചു. വില്യം രാജകുമാരനും കേറ്റ് മിഡിള്‍ട്ടനും തമ്മിലുള്ള രാജകീയ വിവാഹമായിരുന്നു അവര്‍ക്ക് വിഷയം. സി.എന്‍.എന്നില്‍ രാജകീയ വിവാഹങ്ങള്‍ ആവശ്യമോ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. മാനുഷിക വിഷയങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യേണ്ട ഇവര്‍ ഗോസിപ്പുകള്‍ക്കും പാപ്പരാസിത്തരത്തിനും പുറകെ പോകുന്നത് വല്ലാത്ത നാണക്കേടുതന്നെ. എന്‍ഡോസള്‍ഫാന്‍ ഇനിയും അടിച്ചോട്ടെ, കുഞ്ഞുങ്ങള്‍ വികലരായി ജനിക്കട്ടെ, ഞങ്ങള്‍ക്ക് പുല്ലാ, യാന ഗുപ്ത നിക്കറ് ധരിച്ചില്ലേ, ഞങ്ങള്‍ വെറുതെ വിടില്ല, നോക്കിക്കോ?!

Thursday, April 28, 2011

ബീരാനിക്കാന്റെ മോന്‍ പോക്കര്‍


കുഞ്ഞായിക്കാന്റെ മോന്‍ പോക്കറ് ഒരു സംഭവമായിരുന്നു. ഓന്‍ ഏഴില്‍ പഠിക്കുമ്പത്തന്നെ ബീഡി വലിക്കാറുണ്ടായിരുന്നു. ഓനെപ്പറ്റി ഒരു പരാതീ കേക്കാത്ത ദിവസങ്ങള്‍ സ്കൂള്‍ ജീവിതത്തില്‍ കുറവായിരുന്നു. ലാസറ് മാഷ്ന്റെ അറ്റം പൊട്ടിയ മരസ്കെയിലിന് അവന്റെ ശരീര കോശങ്ങളുമായി നല്ല ബന്ധമായിരുന്നു. മഴക്കാലമായാല്‍ റോഡിന്റെ വക്കില്‍ പൊന്തിവരുന്ന കണ്ണന്‍മീനുകളുമായും വേനലില്‍ ആരാന്റെ മാവിലെ പച്ചമാങ്ങകളുമായും മച്ചാന്‍ വലിയ കൂട്ടായിരുന്നു. ഏഴാം ക്ളാസിലെ ഞങ്ങള്‍ ജൂനിയര്‍ പിള്ളാര്‍ക്ക് കുരുത്തംകെട്ടവന്‍ എന്നവാക്കിന്റെ അര്‍ത്ഥം പഠിപ്പിച്ചു തന്നത് വേണമെങ്കില്‍ പോക്കറിന്റെ സംഭാവനയാണെന്ന് പറയാം. എന്നും ഇവനെ വിളിക്കുന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ ആര്‍ക്കും ഒരു ആകാംക്ഷ കാണുമല്ലോ.
സ്കൂള്‍വിട്ടശേഷം പോക്കറുമായി വല്യ ബന്ധമൊന്നുമില്ലായിരുന്നു. ഓന്‍ പത്ത്വരെയൊന്നും എത്തിയില്ലെന്നുമാത്രം അറിയാം. ഞമ്മള്‍പിന്നെ ഓരോ തെരക്കിലും കുടുങ്ങി നാടൊക്കെ വിടേണ്ടീം വന്ന്. എന്തായാലും കൊല്ലംശ്ശി ഇങ്ങോട്ട് മാറിയാലും പോക്കറുമായി സന്ധിക്കാന്‍ ഇടവന്നു. ബീരാനിക്കേനെ ഒരു പുത്തന്‍മാളീകേന്റെ മുന്നില് കണ്ടപ്പൊ വെറുതെ ചോദിച്ചതായിരുന്നു, അപ്പളാ അറിഞ്ഞത് അത് ഓന്‍വച്ച വീടാന്ന് മനസ്സിലായത്. ബീരാനിക്ക വിട്ടില്ല, പൊരേന്റെ അകത്ത് കൂട്ടികൊണ്ടോയി മൂപ്പര്. പുത്തന്‍ സോഫേല്‍ തന്നെ ഉണ്ടായിനീം പോക്കര്‍, ചെക്കനാകെ തടിച്ച് എറച്ചിവച്ച് തുട്ത്ത്ക്ക്ന്ന്. പൊന്നിന്റെ നിറവും. ഓന്‍ ഫോറിന്‍ സര്‍ബത്തുകൊണ്ട് സല്‍ക്കരിച്ചു. കോയി ബിരിയാണി ബെയ്ച്ചിറ്റ് പോയാ മതീന്ന് ഓന്‍ പറഞ്ഞതാ, പക്ഷേ അപ്പള്‍ത്തേക്കും എന്റെ പള്ള നെറഞ്ഞിനീം. പോരാന്‍ നേരത്ത് ഓന്‍ ഒരു പേക്ക് ട്രിപ്പിള്‍ ഫൈവ് പിടിപ്പിച്ചപ്പോള്‍ ഞാന്‍ ഒന്നു പുറത്തേക്ക് നോക്കി. മഴ വര്ന്നോന്ന് നോക്യേതല്ല, കുരുത്തം കെട്ടവന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെഴുതിയ പുസ്തകം അടുത്തെവിടെങ്കിലും ഉണ്ടോന്ന് പരതീതാ...