Monday, December 13, 2010
സ്റ്റൈല്‍ മന്നന് 61
ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്നലെ 61 വയസ്സ് തികഞ്ഞു. അഭിനയത്തിന്റെ മുടിചൂടാമന്നന്റെ പിറന്നാള്‍ ആരാധകര്‍ തകര്‍ത്തുതന്നെയാണ് ആഘോഷിച്ചത്. ചെന്നൈയിലെ ചുവരുകളെല്ലാം രജനിയുടെ പോസ്റ്ററുകളാല്‍ നിറഞ്ഞു. അതില്‍ പാലഭിഷേകവും നെയ്യഭിഷേകവും ഇടതടവില്ലാതെ നടത്തി. പടക്കങ്ങള്‍ പൊട്ടിച്ചും അമ്പലങ്ങളില്‍ പൂജകള്‍ നടത്തിയും തങ്ങളുടെ ആണ്ടവന്റെ പിറന്നാള്‍ തമിഴ്മക്കള്‍ ഇത്തവണയും പൊടിപൊടിച്ചു.
എന്നാല്‍ ആരവങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും അകലം പാലിച്ച് സ്വന്തം കുടുംബത്തോടൊപ്പമാണ് രജനീകാന്ത് പിറന്നാള്‍ കൊണ്ടാടിയത്. എല്ലാംകൊണ്ടും സ്റ്റൈല്‍മന്നന്റെ നല്ലൊരു വര്‍ഷമാണ് കടന്നുപോകുന്നത്. യന്തിരന്‍ ബ്രഹ്മാണ്ഠ ഹിറ്റായതും രണ്ടാമത്തെ മകള്‍ സൌന്ദര്യയുടെ വിവാഹം നടന്നതും രണ്ടാമതും മുത്തശ്ശനായതും എല്ലാം ഇക്കഴിഞ്ഞ വര്‍ഷമാണ്.
വീണ്ടും കെട്ടി
60 പിന്നിട്ടതോടെ ഷഷ്ട്യബ്ദ പൂര്‍ത്തി ചടങ്ങുകളുടെ ഭാഗമായി പോയസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ഭാര്യ ലതാരംഗാചാരിയെ ഒന്നുകൂടെ താലിചാര്‍ത്തി. ചടങ്ങില്‍ കമലഹാസനും ബാലചന്ദറും പങ്കെടുത്തിരുന്നു.
പടപ്പുറപ്പാട് 1975 മുതല്‍
കെ.ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശിവാജിറാവു ഗേക്ക് വാദെന്ന രജനീകാന്ത് രംഗപ്രവേശം നടത്തിയത്. 1949 ഡിസംബര്‍ 12ന് കര്‍ണാടകയിലെ ബാംഗ്ളൂരിലാണ് അദ്ദേഹത്തിന്റെ ജനനം. മറാത്തി കുംടുംബമായിരുന്നു രജനിയുടേത്. മാതാപിതാക്കളുടെ നാലുമക്കളില്‍ ഇളയവനായിരുന്നു. രജനിയ്ക്ക് 5 വയസ്സു തികയുമ്പോഴേക്കും അമ്മ ജീജാഭായി മരിച്ചു. പിന്നീട് രജനിയ്ക്ക് കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു. ആചാര്യ പാഠശാലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബാംഗ്ളൂരിലെ രാമകൃഷ്ണ മിഷന്‍ സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയാക്കി. അതിനുശേഷം പലജോലികളും ചെയ്ത് അലഞ്ഞുനടന്നു. അങ്ങനെ ബാംഗ്ളൂര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസില്‍ കണ്ടക്ടറായി. സുഹൃത്ത് രാജ് ബഹദൂറിന്റെ പ്രേരണയാല്‍ ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.
തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ബംഗാളി തുടങ്ങിയ ഭാഷകളിലായി 150ല്‍പരം ചിത്രങ്ങളില്‍ രജനി അഭിനയിച്ചു. 1983ല്‍ ഇറങ്ങിയ ഹിന്ദി ചിത്രമായ അന്ധകാനൂനിലെ അഭിനയമാണ് രജനിയുടെ പ്രശസ്തി ഇന്ത്യയൊട്ടാകെയെത്തിച്ചത്. അതില്‍ അമിതാഭ്ബച്ചനോടും അമരീഷ് പുരിയോടുമൊപ്പമായിരുന്നു അഭിനയം. ഇന്ത്യയ്ക്കു പുറത്തും രജനിയ്ക്ക് നിരവധി ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ചിത്രമായ മുത്തു ജപ്പാനീസിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തിരുന്നു. അത് വന്‍വിജയമായിരുന്നു.
മേക്കപ്പിന്റെ മേമ്പൊടിയില്ലാതെ വീടിനു പുറത്തുപോലുമിറങ്ങാത്ത നടന്‍മാര്‍ക്കിടയിലും രജനി വ്യത്യസ്തനാണ്. തന്റെ യഥാര്‍ത്ഥരൂപത്തില്‍ ജനമദ്ധ്യത്തിലിറങ്ങുന്ന ഇദ്ദേഹത്തിന്റെ ജനപ്രീതിയ്ക്ക് എന്തെങ്കിലും കുറവു വന്നിട്ടുണ്ടോ?. ഇനിയും ധാരാളം പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈ മഹാ കലാകാരന്‍ സാധിക്കട്ടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment