കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ(ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള). 1996 മുതല്‍ തുടങ്ങിയ ഈ ചലച്ചിത്രമേള എല്ലാവര്‍ഷവും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരത്ത്വച്ചാണ് നടക്കുക. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വിഭാഗത്തിനുവേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച ചലച്ചിത്രമേളയായാണ് ഐ.എഫ്.എഫ്.കെ അറിയപ്പെടുന്നത്. അനവധി ദേശീയ, വിദേശ ചിത്രങ്ങളാണ് വര്‍ഷാവര്‍ഷം മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മേളയിലെ മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടാകുക. മലയാള സിനിമയ്ക്കായി മേളയില്‍ പ്രത്യേക വിഭാഗവും ഉണ്ട്. ചലച്ചിത്രമേളയുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം മേളയും ചലച്ചിത്ര അക്കാദമി നടത്താറുണ്ട്.
ചരിത്രം
കേരളത്തിന്റെ സിനിമാ സംസ്കാരം തന്നെയാണ് ഐ.എഫ്.എഫ്.കെ പോലൊരു അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കിയത്. 1988ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സിനിമാ വിഭാഗം തിരുവനന്തപുരത്ത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യ നടത്തി. അന്ന് മേളയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. മേളയുണ്ടാക്കിയ ഓളത്തില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം നിരവധി ഫിലിം സൊസൈറ്റികള്‍ മുളച്ചുപൊന്തി. ലോകത്തെങ്ങുമുള്ള ക്ളാസിക്കല്‍ ചിത്രങ്ങല്‍ പ്രദര്‍ശിപ്പിക്കാനും ചിത്രങ്ങളെക്കുറിച്ച് ഗൌരവമായി സംവദിക്കാനും ഫിലിം സൊസൈറ്റികള്‍ ഉപകരിച്ചു. സൊസൈറ്റികള്‍ പല രാജ്യങ്ങളുടെയും എംബസികള്‍ വഴി സിനിമകള്‍ സംഘടിപ്പിച്ചു പ്രദര്‍ശിപ്പിച്ചു. ഫിലിം ഫെസ്റ്റിവല്‍ മൂവ്മെന്റ് സംസ്ഥാനത്ത് സിനിമാ സാക്ഷരത കൈവരുന്നതിന് സഹായകമായി.
ഐ.എഫ്.എഫ്.കെയുടെ ആദ്യപതിപ്പ് അരങ്ങേറിയത് 1996ല്‍ കോഴിക്കോടാണ്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍(കെ.എസ്.എഫ്.ഡി.സി)യായിരുന്നു നടത്തിപ്പുകാര്‍. 1998ല്‍ ചലച്ചിത്ര അക്കാദമി രൂപീകൃതമായതോടെ മേളയുടെ നടത്തിപ്പ് അവര്‍ക്കായി. ചലച്ചിത്രമേളയ്ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ചു. 99 മുതലാണ് മത്സരവിഭാഗം തുടങ്ങിയത്. പിന്നീട് മേളയ്ക്ക് ഫിപ്രസിയുടെ അംഗീകാരവും ലഭിച്ചു.
മേളയുടെ സവിശേഷതകള്‍
സമകാലീന ലോകസിനിമ, പുതിയ മലയാളം സിനിമ, റിട്രോസ്പെക്ടീവ്സ് ഒഫ് മേജര്‍ ഡയറക്ടേഴ്സ്, ഹോമേജ് ആന്റ് ട്രൈബ്യൂട്ട്സ്, സമകാലീന ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തെ വിവിധ തീയേറ്ററുകളിലായാണ് പ്രദര്‍ശനം നടത്തുക. ഒരു പക്ഷേ ജയിലിലും(പൂജപ്പുര സെന്‍ട്രല്‍ ജയില്‍) പുവര്‍ ഹോമിലും(ശ്രീചിത്ര പുവര്‍ഹോം) പ്രദര്‍ശനം നടത്തുന്ന ഒരേയൊരുമേളയും ഐ.എഫ്.എഫ്.കെ ആയിരിക്കും.
അവാര്‍ഡുകള്‍
മികച്ച ഫീച്ചര്‍ സിനിമയ്ക്ക് സുവര്‍ണ ചകോരവും 10ലക്ഷം രൂപയും നല്‍കും. മികച്ച സംവിധായകന് രജതചകോരവും 3ലക്ഷം രൂപയും. മികച്ച നവാഗതചിത്രത്തിന് രജതചകോരവും 2 ലക്ഷം രൂപയും. പ്രേക്ഷകരുടെ സമ്മാനമായി ജനപ്രിയചിത്രത്തിന് രജതചകോരവും ഒരു ലക്ഷം രൂപയും. ഫിപ്രസി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ഫിപ്രസി അവാര്‍ഡ്. മത്സരവിഭാഗത്തിലെ ഏഷ്യയിലെ മികച്ച ചിത്രത്തിന് നെറ്റ്പാക് അവാര്‍ഡ്. 2007 മുതല്‍ രണ്ട് അവാര്‍ഡുകള്‍കൂടി ഏര്‍പ്പെടുത്തി. ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ മേളയിലെ മികച്ച മലയാളം ചിത്രങ്ങള്‍ക്കാണ്.
No comments:
Post a Comment