Pages

Sunday, December 26, 2010

മേരിയുടേത് നല്ല വെളുത്ത കുഞ്ഞാട്


ദിലീപ്-റാഫി-ബെന്നി.പി.നായരമ്പലം ടീമിന്റെ ക്രിസ്മസ് ചിത്രമായ മേരിക്കുണ്ടൊരു കുഞ്ഞാട് ഏറെ നാളുകള്‍ക്കുശേഷം ദിലീപില്‍ നിന്നും ലഭിച്ച ഭേദപ്പെട്ട ചിത്രമാണ്. ദിലീപിന്റെ മുന്‍കാല ഹിറ്റുകളായ കല്യാണരാമന്‍, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബെന്നി ദിലീപിനെ പേടിത്തൊണ്ടനായ സോളമനായാണ് അവതരിപ്പിച്ചിരിക്കുന്നത്.
സോളമന്‍ എന്നപേടിത്തൊണ്ടനെ നാട്ടിലെ കൊച്ചുപിള്ളാര്‍വരെ ഓടിച്ചിട്ടടിയ്ക്കും
. കപ്യാരായ വിജയരാഘവനാണ് സോളമന്റെ അച്ഛന്‍. സോളമന് ഇട്ടിച്ചന്റെ മകളായ മേരിയുമായുള്ള(ഭാവന) അടുപ്പം കാരണം മേരിയുടെ മൂന്ന് ആങ്ങളമാര്‍ക്കും സോളമന്റെ മുതുകില്‍ നിന്നും കൈയെടുക്കാനുള്ള സമയം കിട്ടാറില്ല. സോളമന്റെ അമ്മയും(വിനയപ്രസാദ്) ഇട്ടിച്ചനും(ഇന്നസെന്റ്) തമ്മില്‍ പൂര്‍വകാലത്തുണ്ടായ ഒരു സംഭവം ചിത്രത്തില്‍ ഭംഗിയായി തുന്നിച്ചേര്‍ത്തിട്ടുണ്ട്. പള്ളിയില്‍ നിന്നും മോഷണം പോയ പൊന്‍കുരിശിന് പകരം വാങ്ങാന്‍ സംവിധായകനാകാന്‍ നടക്കുന്ന സോളമനെ പള്ളിയ്ക്കുവേണ്ടി സീരിയല്‍ പിടിക്കാനേല്‍പ്പിച്ചത് സോളമനും പള്ളിയ്ക്കും തൊന്തരവാകുന്നു. സോളമന്‍ സീരിയലു പിടിച്ച് പിടിച്ച് ഉണ്ണിയേശു രണ്ടാക്ളാസിലെത്തിയെങ്കിലും സീരിയല്‍ പുറത്തിറങ്ങിയില്ല.
സോളമന്‍ അങ്ങനെ തല്ലുകൊണ്ടുമടുത്തിരിക്കുമ്പോളാണ് ബിജുമേനോന്റെ വരവ്. സൂര്യഗായത്രിയിലെ മമ്മൂട്ടിയുടെ പുട്ടുറുമീസിനെ ഓര്‍മ്മിപ്പിക്കുന്ന ആ കഥാപാത്രം ഒറ്റയിരുപ്പിന് അഞ്ചു കുറ്റി പുട്ടുവരെ അകത്താക്കും. ആരെ വേണമെങ്കിലും തല്ലിയൊതുക്കാനും മിടുക്കന്‍. ഈ കഥാപാത്രം ചിത്രത്തിന്റെ അവസാനം വരെ നിര്‍ണായകമാകുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിജുമേനോന് ഇത്ര നല്ലൊരു കഥാപാത്രം ലഭിയ്ക്കുന്നത്. അത് മിതത്വത്തോടെ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കൊന്നും വലിയ മേന്‍മ പറയാനില്ലെങ്കിലും തമാശകള്‍ ചേര്‍ന്നുപോകുന്നുണ്ട്. കോമഡിയധികവും ദിലീപിന്റെതുതന്നെ. സലിം കുമാറിന്റേത് വൃത്തിയുള്ള കഥാപാത്രമാണെന്നതു തന്നെ ആശ്വാസം. സമീപ കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കാശുമുതലാകുമെന്ന് പറയാം.

No comments: