ഇന്ത്യന്‍ ക്രിക്കറ്റ്ടീമിനെവച്ച് ഒരു സിനിമകള്‍ എടുത്താല്‍ വി.വി.എസ് ലക്ഷ്മണിന് മിക്കവാറും എല്ലാ ചിത്രങ്ങളിലും ഒരേ റോളായിരിക്കും, അത് രക്ഷകന്റെയായിരിക്കും. എത്രയെത്ര മത്സരങ്ങളാണ് ഈ സ്റ്റൈലിഷ് ബാറ്റ്സ്മാന്‍ ജയിപ്പിക്കുകയോ രക്ഷിച്ചെടുക്കുകയോ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ ലക്ഷ്മണിന്റെ എത്ര അനുപമമായ ഇന്നിംഗ്സുകള്‍ നാം കണ്ടുകഴിഞ്ഞു.
അത്തരം ഇന്നിംഗ്സുകളിലൊന്നാണ് ഇന്നലെ ഡര്‍ബനിലെ കിംഗ്സ്മെഡ് മൈതാനം സാക്ഷ്യം വഹിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും തീയുണ്ടകള്‍ക്കുമുമ്പില്‍ ലക്ഷ്മണ്‍ അക്ഷോഭ്യനായിരുന്നു. തുടക്കത്തില്‍ തന്നെ പൂജാരയെ നഷ്ടപ്പെട്ടിട്ടും അദ്ദേഹം ധോണിയെയും സഹീറിനെയും കൂട്ടുപിടിച്ച് ഇന്ത്യയെ 302 റണ്‍സിന്റെ ലീഡിലെത്തിച്ചു. 171 പന്തില്‍ 12 ബൌണ്ടറികളോടെ 96 റണ്‍സെടുത്ത ലക്ഷ്മണിന് അര്‍ഹമായ സെഞ്ച്വറി നേടാനായില്ല. സ്റ്റെയിനാണ് ലക്ഷ്മണിനെ ബൌച്ചറുടെ കൈകളിലെത്തിച്ചത്.
കൈക്കുഴയുടെ മനോഹരമായ ചലനങ്ങളോടെ റണ്‍സ് പെയ്യിക്കുന്ന ലക്ഷ്മണിന്റെ ബാറ്റിംഗ് ഒരു ഓടക്കുഴല്‍ നാദമോ ഒരു പ്രകൃതിഭംഗിയോ ആസ്വദിക്കുന്നതുപോലെയാണ്. ആസ്ട്രേലിയക്കാരുടെ അന്തകന്‍ എന്നറിയപ്പെടുന്ന ഈ ഹൈദരാബാദുകാരന്‍ 2001 ലെ ഈഡന്‍ഗാര്‍ഡന്‍സിലെ 281റണ്‍ പ്രകടനത്തോടെയാണ് ലോകശ്രദ്ധ നേടുന്നത്. ഫോളോ ഓണിനിറങ്ങിയ ഇന്ത്യ മത്സരം ജയിച്ചതോടെ അത് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ടു.
ഇന്ത്യയെ മികച്ച ടെസ്റ്റ് ടീമാക്കി മാറ്റുന്നതില്‍ ലക്ഷ്മണ്‍ വഹിച്ച പങ്കും ചെറുതല്ല. ലക്ഷ്മണിനെക്കൂടാതെ ഒരു മദ്ധ്യനിര ഇന്ത്യയ്ക്ക് ചിന്തിയ്ക്കാനേ കഴിയില്ല.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മണ്‍ ക്രിക്കറ്ര് ഭ്രാന്ത് മൂത്താണ് പഠിത്തം നിര്‍ത്തിയത്. അന്ന് അദ്ദേഹം ഡോക്ടറായിരുന്നെങ്കില്‍ അതിന്റെ മെച്ചം ചുരക്കംപേരില്‍ മാത്രം ഒതുങ്ങിയേനെ.1996 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായി തന്നെയാണ് ലക്ഷ്മണിന്റെ അരങ്ങേറ്റം. രണ്ടാം ഇന്നിംഗ്സില്‍ മികവ് കാട്ടുന്ന സ്വഭാവം അന്നുമുതലേ തുടങ്ങിയതാണ്. ആദ്യ ഇന്നിംഗ്സില്‍ 11 റണ്‍സെടുത്ത ലക്ഷ്മണ്‍ രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സടിച്ചു. 36 വയസ്സ് പിന്നിട്ട ലക്ഷ്മണ്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നത്.
No comments:
Post a Comment