Pages

Friday, April 29, 2011

എന്തോ സള്‍ഫാന്‍


രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യരുതെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ഭാരതീയരും. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന വിഷയത്തില്‍ നമ്മള്‍ മലയാളികള്‍ രാജ്യതാത്പര്യത്തിനെതിരായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദോഷങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും കേന്ദ്രസര്‍ക്കാറിന് അത് ചെമ്പരത്തിപ്പൂവായിരുന്നു. സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോള്‍ നമ്മുടെ നാടിന്റെ മുഖ്യന്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു.
അവസാനം സമ്മര്‍ദത്തിന് വഴങ്ങി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യയും സമ്മതിച്ചപ്പോള്‍ അത് കേരളത്തിന്റെയും നമ്മള്‍ ഓരോ മലയാളികളുടെയും വിജയമായി. എന്‍ഡോസള്‍ഫാനെതിരെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നത് ഗുണകരമായി.
എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു സാമൂഹ്യവിഷയത്തോട് ദേശീയ മാദ്ധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് അത്യന്തം നിരാശാ ജനകമാണ്. ഐ.പി.എല്‍ മത്സരങ്ങളില്‍പോലും ചര്‍ച്ച നടത്തുന്നവര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം കണ്ടില്ലെന്ന് നടിച്ചു. വില്യം രാജകുമാരനും കേറ്റ് മിഡിള്‍ട്ടനും തമ്മിലുള്ള രാജകീയ വിവാഹമായിരുന്നു അവര്‍ക്ക് വിഷയം. സി.എന്‍.എന്നില്‍ രാജകീയ വിവാഹങ്ങള്‍ ആവശ്യമോ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. മാനുഷിക വിഷയങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യേണ്ട ഇവര്‍ ഗോസിപ്പുകള്‍ക്കും പാപ്പരാസിത്തരത്തിനും പുറകെ പോകുന്നത് വല്ലാത്ത നാണക്കേടുതന്നെ. എന്‍ഡോസള്‍ഫാന്‍ ഇനിയും അടിച്ചോട്ടെ, കുഞ്ഞുങ്ങള്‍ വികലരായി ജനിക്കട്ടെ, ഞങ്ങള്‍ക്ക് പുല്ലാ, യാന ഗുപ്ത നിക്കറ് ധരിച്ചില്ലേ, ഞങ്ങള്‍ വെറുതെ വിടില്ല, നോക്കിക്കോ?!

No comments: